ചാവക്കാട്: കടലിൽ അപകടം തുടർക്കഥയാകുമ്പോഴും രക്ഷാപ്രവർത്തനം നടത്താൻ കഴിയാതെ അധികൃതർക്ക് അന്ധാളിപ്പ്. രക്ഷപ്പെടുത്തിയ വിദ്യാർത്ഥി ബോധം തെളിഞ്ഞപ്പോൾ നൽകിയ വിവരത്തെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും സർക്കാർ സംവിധാനങ്ങളെല്ലാം നോക്കുക്കുത്തിയായിരുന്നു. സംഭവമറിഞ്ഞെത്തിയ വടക്കേക്കാട് പൊലീസ് വന്ന വേഗം തിരിച്ചുപോയി. യന്ത്രത്തകരാർ കാരണം ബോട്ട് കടലിലിറക്കാനാകില്ലെന്നായിരുന്നു തീരദേശ പൊലീസ് അറിയിച്ചത്. ഇതോടെ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും പരിസരവാസിയുമായ എ.എം. അലാവുദ്ദീൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അവരുടെ ബോട്ട് തെരച്ചിലിനെത്തിയതാവട്ടെ രാത്രി 10.30ന് ശേഷം. ഇതേസമയം, അപകടം നടന്ന് അഞ്ചര മണിക്കൂർ പിന്നിട്ടിരുന്നു. ബ്ലാങ്ങാട് ബീച്ചിലും ഇതു തന്നെയാണ് അവസ്ഥ. രണ്ടു കിലോമീറ്ററിലധികം പരന്നു കിടക്കുന്ന ബ്ലാങ്ങാട് ബീച്ചിൽ രണ്ടു ലൈഫ് ഗാർഡുകളെയാണ് നിയമിച്ചിട്ടുള്ളത്. സഞ്ചാരികളെത്തുന്ന കടലോര മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്.