പെരിങ്ങോട്ടുകര: വിഷുത്തലേന്ന് ചെമ്മാപ്പിള്ളിയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മാപ്പിള്ളി പഴയ പോസ്റ്റ് ഓഫീസിന് വടക്കുവശം കണാറ പ്രദിനാണ് (46) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന് സമീപം കൂട്ടുകാരോടൊത്ത് സംസാരിച്ച് നിൽക്കുകയായിരുന്ന പ്രദിനെ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു.
പ്രദേശത്ത് സംഘം ചേർന്ന് എത്തിയ ഇവർ, രാത്രിയിൽ പ്രദിനോടും കൂട്ടുകാരോടും തട്ടിക്കയറുകയും ഇവരെ മർദ്ദിച്ച് അവശരാക്കുകയുമായിരുന്നു. പെരിങ്ങോട്ടുകര നാലും കൂടിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക വിരുദ്ധസംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന ആരോപണമുണ്ട്. വാക്ക് തർക്കത്തെ തുടർന്ന് താഴെത്തള്ളിയിട്ട് പ്രദിനെ സംഘം ചവിട്ടുകയായിരുന്നു. ശ്വാസകോശത്തിന് പരിക്കേറ്റതിനെ തുടർന്നാണ് ചികിത്സയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേരടക്കം പത്തോളം പേർക്കെതിരെ കേസെടുത്തിരുന്നു. 20 വർഷത്തോളമായി തിരുവനന്തപുരത്ത് താമസമാക്കിയ പ്രദിൻ അമ്മയോടൊപ്പം നാട്ടിൽ വിഷു ആഘോഷിക്കാനെത്തിയതാണ്. തിരുവനന്തപുരത്ത് സിനിമാ ഷൂട്ടിംഗിനാവശ്യമായ സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു. അടുത്തിടെ ഇയാൾ ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായാണ് വിവരം. ഭാര്യ: സുഷി. മക്കൾ: പത്താം ക്ലാസ് വിദ്യാർത്ഥിനി അനഘ, ഒന്നാം ക്ലാസുകാരി അനന്യ. അമ്മ: കല്ല്യാണി. സഹോദരങ്ങൾ: വേണു, പ്രദീപ്.. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പെരിങ്ങോട്ടുകരയിൽ സി.പി.ഐ ഓഫീസ് തകർത്ത കേസിലെ , സി.പി.എം പ്രവർത്തകർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. പ്രദിന്റെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ....