തൃശൂർ: "ഞാൻ ഈ പുഴയ്ക്കപ്പുറത്തുള്ളവനാണ്. ഒരു പാലത്തിന്റെ അകലം മാത്രമേ നമുക്കിടയിലുള്ളൂ. എന്നാൽ മനസുകൊണ്ട് നമുക്കിടയിൽ ഒരകലവുമില്ല. എം.എൽ.എ ആയിരുന്ന സമയത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി വോട്ടു ചോദിക്കുമ്പോൾ ഈ ഉയർത്തിയ കൈ നിങ്ങൾ തള്ളിക്കളയില്ലെന്നെനിക്കറിയാം".. യു.ഡി.എഫ് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ടി..എൻ പ്രതാപൻ പറഞ്ഞപ്പോൾ താന്ന്യം പഞ്ചായത്തിലെ കിഴുപ്പിള്ളിക്കരയിൽ കൂടിയിരുന്നവർ കൂടെ ഉണ്ടാവുമെന്നുറപ്പിച്ചു പറഞ്ഞു. താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിൽ നടത്തിയ റോഡ് ഷോയ്ക്ക് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണമായിരുന്നു.

വൈകിട്ട് അഞ്ചിന് തൃപ്രയാർ കിഴക്കേനടയിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥിയെ കോവയ്ക്കമാല അണിയിച്ചായിരുന്നു സ്വീകരിച്ചത്. കാത്ത് നിന്നവർക്കെല്ലാം സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കാനും സമയം ലഭിച്ചു. ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, എൻ.എസ്. അയ്യൂബ്, വികാസ് ചക്രപാണി എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു. ഇന്നലെ രാവിലെ മറ്റത്തൂർ നായാട്ടുകുന്നിൽ നിന്നായിരുന്നു പ്രചാരണം ആരംഭിച്ചത്. തുടർന്ന് മലയോര യാത്രയിലും വരന്തരപ്പിള്ളി, മാടക്കത്തറ പഞ്ചായത്തിലെ കുണ്ടുക്കാടും പ്രചാരണം നടത്തി.