ചേലക്കര: പാവപ്പെട്ടവരെ ദ്രോഹിക്കുകയും അംബാനിമാരെപ്പോലുള്ളവരെ സഹായിക്കുകയും ചെയ്യുന്ന നയമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനുമെന്ന് ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചേലക്കരയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് പറയുന്നത് ചെയ്യണമെന്ന നിർബന്ധമുണ്ട്. എന്നാൽ നരേന്ദ്രമോദി അഞ്ചുകൊല്ലം കൊണ്ടുചെയ്തത് നടക്കാത്ത കാര്യങ്ങൾ ഒച്ചവച്ചു പറയുകയും ജനങ്ങളെ ദ്രോഹിക്കുകയുമാണ്. പിന്നെ വിദേശത്തുപോയി അവിടത്തെ ഭരണാധികാരികളെ കെട്ടിപ്പിടിക്കുന്നതല്ലാതെ രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലായെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എം. അമീർ അദ്ധ്യക്ഷനായിരുന്നു. ഇ. വേണുഗോപാല മേനോൻ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, പി.എ. മാധവൻ, രാജേന്ദ്രൻ അരങ്ങത്ത്‌ ബ്ലോക്ക് സെക്രട്ടറി ടി.എം കൃഷ്ണൻ, ജോൺ ആടുപാറ തുടങ്ങിയവർ സംസാരിച്ചു.