രാജാജിയും പ്രതാപനും ചാവക്കാട്ട്
സുരേഷ് ഗോപി തൃശൂരിൽ

തൃശൂർ : ശബ്ദപ്രചരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കാനിരിക്കെ എല്ലാ ആയുധങ്ങളും അങ്കത്തട്ടിലിറക്കി വോട്ട് പെട്ടിയിലാക്കാനുള്ള രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് മുന്നണികൾ. മണ്ഡലതല പര്യടനങ്ങൾ പൂർത്തിയാക്കി അവസാനമുള്ള കൊട്ടിക്കലാശത്തിലൂടെ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. കൊട്ടിക്കലാശത്തിലെ ആൾക്കൂട്ടവും കൊഴുപ്പും വോട്ടർമാരെ സ്വാധീനിക്കുമെന്ന് വ്യക്തമായി അറിയാവുന്നതിനാൽ പരാമാവധി ആളുകളെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രമുഖ നേതാക്കൾ ആരും തന്നെ ഒപ്പമുണ്ടാകില്ലെന്നാണ് പ്രചരണ പ്രവർത്തനങ്ങൾക്ക് ചൂക്കാൻ പിടിക്കുന്ന നേതാക്കൾ പറയുന്നത്. അന്നത്തെ മുഖ്യ ആകർഷണം സ്ഥാനാർത്ഥി തന്നെയായിരിക്കും. കാവടി, ശിങ്കാരി മേളം, മറ്റ് വാദ്യമേളങ്ങൾ എന്നിവയെല്ലാം കലാശക്കൊട്ടിന് അകമ്പടിയാകും.


രാജാജി


എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ റോഡ് ഷോ ഇന്ന് രാവിലെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് തുടങ്ങി നാളെ വൈകീട്ട് ചാവക്കാട് സമാപിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നാളെ ഉച്ചയോടെ എല്ലാ മണ്ഡലത്തിലും നടക്കുന്ന റോഡ് ഷോകളിൽ സ്ഥാനാർത്ഥി പങ്കെടുക്കും. നാളെ വൈകീട്ട് മൂന്നരയോടെ കലാശക്കൊട്ടിന് ചാവക്കാട് എത്തും. എൽ.ഡി.എഫിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളും സമാപനത്തിൽ പങ്കെടുക്കും. നാളെ മണ്ഡലതലത്തിലും റോഡ് ഷോ നടക്കും.

പ്രതാപൻ


യു.ഡി.ഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെയും കൊട്ടിക്കലാശം ചാവക്കാട് തന്നെയാണ്. രാവിലെ തൃശൂരിൽ നിന്ന് പര്യടനം ആരംഭിക്കും. പരമാവധി മണ്ഡലങ്ങളിൽ പര്യടനം നടത്തിയ ശേഷം വൈകിട്ട് സ്ഥാനാർത്ഥി ചാവക്കാട് എത്തും. തുടർന്ന് തുറന്ന വാഹനത്തിൽ പ്രവർത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

സുരേഷ് ഗോപി


എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണ സമാപനം തൃശൂർ നഗരത്തിൽ തന്നെയാണ്. വൈകിട്ട് മൂന്നരയോടെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാണ് കലാശക്കൊട്ടിന്റെ ഭാഗമായുള്ള പ്രചാരണം ആരംഭിക്കുക. തുടർന്ന് നഗര പ്രദക്ഷിണം നടത്തും. നഗത്തിലെത്തുന്നതിന് മുമ്പ് നാളെ ഒല്ലൂർ മണ്ഡലത്തിലെ മണ്ണുത്തിയിൽ നടക്കുന്ന റോഡ്‌ഷോയിലും സ്ഥാനാർത്ഥി പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.