തൃശൂർ: സംസ്ഥാനത്ത് മഴ തുടരുന്നതോടൊപ്പം ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാവുന്ന അതിതീവ്രമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ ഉരുൾ പൊട്ടലും ഉണ്ടാകാനിടയുണ്ടെന്ന് സൂചനയുണ്ട്. ഉരുൾപൊട്ടലിന്റെയും മിന്നലിന്റെയും പശ്ചാത്തലത്തിൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാകാമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ്.

ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. ഈ സമയത്ത് കുട്ടികളെ തുറസ്സായ സ്ഥലത്ത് കളിക്കാൻ വിടരുത്. ടെറസിലോ മുറ്റത്തോ നിൽക്കുമ്പോഴും കരുതൽ വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഫോൺ ഉപയോഗിക്കരുത്. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലും വാതിലും അടച്ചിടണം. ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. ഈ സമയത്ത് കുളിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ജില്ലയിൽ വ്യാഴാഴ്ച പെയ്ത മഴ:

ഏനാമാക്കൽ: 78 എം.എം.

വടക്കാഞ്ചേരി: 57 എം.എം.

ഇരിങ്ങാലക്കുട: 41 എം.എം

ചേലക്കര: 38.6 എം.എം.

കുന്നംകുളത്തും ചാലക്കുടിയിൽ മഴ കാര്യമായില്ലെന്നാണ് റിപ്പോർട്ട്.

പ്രചാരണത്തിന് അൽപ്പം ആശ്വാസം

നാൽപ്പത് ഡിഗ്രി ചൂടിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ വേനൽമഴ സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആശ്വാസമായി. എങ്കിലും ഇന്നലെ രാവിലെ മുതൽ പതിവുപോലെ ചൂടേറി. പ്രചാരണം നടത്തുന്നവർ മിന്നലുള്ള സമയം ഉയർന്ന വേദികളിൽ നിന്ന് പ്രസംഗിക്കരുതെന്ന് നിർദ്ദേശമുണ്ട്. വേദികളിൽ ഇടിമിന്നൽ ഉള്ള സമയത്തു നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കണമെന്നും മൈക്ക് ഉപയോഗിക്കരുതെന്നും പറയുന്നു.

23 വരെ സാദ്ധ്യത

''23 വരെ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. സാധാരണ വേനൽമഴയാണിത്. മറ്റ് പ്രതിഭാസങ്ങൾ കാണുന്നില്ല. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മിന്നൽ തന്നെയാണ് കൂടുതൽ അപകടകാരിയാകാൻ സാദ്ധ്യത. ''

- ഡോ. സി.എസ്.ഗോപകുമാർ, കാലാവസ്ഥാ ഗവേഷകൻ

ശ്രദ്ധിക്കാൻ

* മിന്നലുള്ളപ്പോൾ ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക.

* വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.

* വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത് നിറുത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

* ജലാശയത്തിലിറങ്ങരുത്.

* തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി ഇരിക്കുക.

* കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കുക. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി പ്രൊട്ടക്ടർ ഘടിപ്പിക്കുക.

പ്രഥമശുശ്രൂഷ

മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലേറ്റയാളിന്റെ ശരീരത്തിൽ വൈദ്യുതപ്രവാഹമില്ല എന്ന് മനസിലാക്കണം. അതിനാൽ മിന്നലേറ്റയാളിന് പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക നിമിഷങ്ങളാണ്.