പെരിങ്ങോട്ടുകര : ചെമ്മാപ്പിള്ളിയിൽ സീരിയൽ സഹായിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര സ്വദേശികളായ അറക്കപ്പറമ്പിൽ വിനയൻ (23), പുതിയേടത്ത് മിഥുൻ (25), കണാറ വീട്ടിൽ ലനീഷ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്ന ചെമ്മാപ്പിള്ളി പഴയ പോസ്റ്റ് ഓഫീസിന് വടക്കുവശം കണ്ണാറ വീട്ടിൽ പ്രതിൻ (46) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന് സമീപം കൂട്ടുകാരോടൊത്ത് സംസാരിച്ചുനിൽക്കുകയായിരുന്ന പ്രതിനെ സംഘം ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് പെരിങ്ങോട്ടുകരയിൽ ബൈക്കിൽ നിന്നിറങ്ങി പോകുകയായിരുന്ന പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടി. പ്രതിന്റെ ബന്ധുക്കളെത്തി പ്രതികളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളിൽ വിനയൻ എ.ഐ.എസ്.എഫുകാരെ ആക്രമിച്ച കേസിലും, മിഥുൻ പെരിങ്ങോട്ടുകരയിലെ സി.പി.ഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നാമൻ ലനീഷ് മരിച്ച പ്രതിന്റെ ബന്ധുവാണ്. മദ്യലഹരിയിലായിരുന്നു ഇവർ ആക്രമണം നടത്തിയതെന്ന് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി വേണുവിന്റെ നിർദ്ദേശപ്രകാരം അന്തിക്കാട് സി.ഐ: മുഹമ്മദ് ഹനീഫ്, എസ്.ഐ: സംഗീത് പുനത്തിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. സി.പി.ഒമാരായ റഷീദ്, ഷറഫുദ്ദീൻ, വികാസ്, ഷിഹാബ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു...