തൃശൂർ: പീച്ചി മലയോര മേഖലകളിലെ കോളനികളിലും ആദിവാസി ഊരുകളിലും നിറഞ്ഞ് സുരേഷ് ഗോപി. വഴി നീളെ സാധാരണക്കാരായ സത്രീകളും കുട്ടികളും അടങ്ങിയ ജനങ്ങൾ സുരേഷ് ഗോപിയുടെ അടുത്തെത്തി. താമരവെള്ളച്ചാൽ ആദിവാസി ഊരുകളിലെത്തി അവരുടെ പ്രശ്‌നങ്ങൾ കേട്ടു മനസിലാക്കി. ഊരുമൂപ്പൻ മണിക്കുട്ടൻ ആദിവാസികൾ നേരിടുന്ന കഷ്ടതകൾ അവതരിപ്പിച്ചു.
പരാതികൾ പഠിച്ച് ഇടപെടാമെന്ന ഉറപ്പുനൽകിയാണ് സുരേഷ് ഗോപി യാത്ര പറഞ്ഞത്. മരോട്ടിച്ചാലിൽ പച്ചക്കറിയും പുഷ്പങ്ങളും നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വഴി നീളെ വീടുകൾക്ക് മുന്നിൽ നിൽക്കുന്ന ജനക്കൂട്ടത്തിനടുത്ത് വണ്ടി നിർത്തി കുശലം ചോദിച്ചായിരുന്നു സുരേഷ് ഗോപിയുടെ പര്യടനം. വീട്ടമ്മമാർ കരിക്ക്, പാൽ പായസം , ജൂസ് എന്നിവയുമായായിരുന്നു സ്വീകരണം നൽകിയത്. കോളനികളും വനവാസി മേഖലകളും സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ ഉറപ്പു നൽകിയാണ് സുരേഷ് ഗോപി വോട്ടഭ്യർത്ഥന നടത്തുന്നത്.
ഇന്നലെ രാവിലെ കോട്ടപ്പുറം ശിവക്ഷേത്രത്തിന് മുമ്പിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കർ തുളസിമാലയിട്ട് സ്വീകരിച്ചു. റോസ് ഗാർഡൻ, പെരിങ്ങാവ് കോട്ടേപ്പാടം, പോപ്പ് നഗർ, തെക്കുംപാടം, മയിലാടുംപാറ, ചിമ്മിനി ഡാം , അഞ്ചേരി എന്നിവിടങ്ങളിൽ സഞ്ചരിച്ച് വളർക്കാവിലായിരുന്നു ഉച്ചഭക്ഷണം. വൈകീട്ട് എലൈറ്റ് ഹോട്ടലിൽ നടന്ന ബി.ഡി.ജെ.എസ് പ്രവർത്തക കൺവെൻഷനിൽ പങ്കെടുത്തു.
തുടർന്ന് ആമ്പല്ലൂർ, പൂച്ചെട്ടി എന്നിവിടങ്ങളിൽ നടന്ന പൊതുസമ്മേളനങ്ങളിലും രാത്രി ചെറുശേരിയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലും പങ്കെടുത്തു. ഇന്ന് നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ കോളനികൾ സന്ദർശിക്കും...