കയ്പ്പമംഗലം: ''ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും പാർട്ടി ക്ളാസുകളിലുമായിരുന്നു സജീവം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത്ര താത്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും പാർട്ടി പറഞ്ഞപ്പോൾ അദ്ദേഹം 1989 മുകുന്ദപുരം മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥിയായി കന്നി മത്സരത്തിനിറങ്ങി.'' മുൻ രാജ്യസഭാ എം.പിയും ഔഷധി ചെയർമാനുമായിരുന്ന സി.ഒ. പൗലോസിന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണകാലം ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ പത്നി ഭാസ്കലീന. കയ്പ്പമംഗലം ബോർഡിന് കിഴക്കുള്ള വീട്ടിൽ കഴിയുന്ന ടീച്ചർക്ക് വാർദ്ധക്യസഹജമായ അസുഖമുണ്ട്. ഓർമ്മകൾക്ക് ഒരു അടുക്കുംചിട്ടയും ഉണ്ടാകില്ലെന്ന മുഖവുരയോടെയായിരുന്നു സംസാരത്തിന് തുടക്കമിട്ടത്.
പ്ളാസ്റ്ററിട്ട കാലുമായാണ് അന്ന് പൗലോസ് മാഷ് പ്രചാരണത്തിനിറങ്ങിയത്. പാർട്ടി ഓഫീസിൽവച്ച് കാല് തെറ്റി വീണതാണ് കാരണം. വയ്യാത്ത കാലുമായാണ് വോട്ടർമാർക്കിടയിലേക്കിറങ്ങുന്നതെങ്കിലും മാഷിന് അതൊക്കെ ഒരു ആവേശമായിരുന്നു. വലതുമുന്നണിയിലെ പ്രൊഫ. സാവിത്രി ലക്ഷ്മണനായിരുന്നു എതിർസ്ഥാനാർത്ഥി. പക്ഷെ, പൗലൗസ് മാസ്റ്റർ പരാജയപ്പെട്ടു. പിന്നീട് ജില്ല കൗൺസിൽ തിരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്ന് മത്സരിച്ച് ആദ്യ തൃശൂർ ജില്ല കൗൺസിൽ പ്രസിഡന്റായി മാഷ്. രാജ്യസഭാംഗവുമായി. അതിന് ശേഷമാണ് ഔഷധി ചെയർമാനായത്.
കമ്മ്യൂണിസ്റ്റുകാരന്റെ മകളായ നല്ല കമ്യൂണിസ്റ്റുകാരിയാണെങ്കിലും മാഷിന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ താനത്ര സജീവമായിരുന്നില്ലെന്ന് ടീച്ചർ ഓർക്കുന്നു. ആ കാലത്ത് മാഷുമായുളള വിവാഹം ശരിക്കും ഒരു വിപ്ലവമായിരുന്നു. മതപരമായ ചടങ്ങൊന്നുമില്ലാതെ പാർട്ടി ഓഫീസായിരുന്നു വിവാഹവേദി. നാട്ടിക ഫർക്ക റൂറൽ ബാങ്കിൽ 32 വർഷം ജോലി ചെയ്തു മാനേജരായി വിരമിച്ച ഭാസ്കലീനയ്ക്ക് ഇപ്പോൾ പ്രായം 74. പഴയതുപോലെ പുറത്തേക്കിറങ്ങാത്ത പതിവ് വോട്ടെടുപ്പ് ദിവസം തെറ്റിക്കും. വോട്ട് ചെയ്യുന്ന പതിവ് തെറ്റിക്കില്ലെന്ന് ഭാസ്കലീന പറഞ്ഞു.