കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ കുണ്ടുകടവിൽ ഇക്കുറി മൺചിറ കെട്ടാതിരുന്നത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇടയാക്കിയെന്ന് പരാതി. കാലവർഷം കഴിഞ്ഞ് കുറുമാലിപ്പുഴയിലെ ജലനിരപ്പ് താഴുന്നതോടെ കെട്ടാറുള്ള ചിറ ഇക്കുറി കെട്ടാതിരുന്നതോടെ പ്രദേശത്തെ കിണറുകളിലെയും മറ്റു ജല സ്രോതസുകളിലെയും ജലനിരപ്പ് താഴുന്നതിന് ഇടയാക്കിയിട്ടുണ്ട്.
പന്തല്ലൂർ ലിഫ്‌റ്റ് ഇറിഗേഷൻ, നന്തിപുലം ലിഫ്റ്റ് ഇറിഗേഷൻ, മറ്റത്തൂർ ലിഫ്റ്റ് ഇറിഗേഷൻ തുടങ്ങി പറപ്പൂക്കര, വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളിലെ ജലസേചനത്തിനും കുടിവെള്ളത്തിനുമായുള്ള പദ്ധതികളുടെ പ്രവർത്തനം ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ അവതാളത്തിലായിരിക്കുകയാണ്. കഴിഞ്ഞ തവണ ചിറ കെട്ടിയതിലുണ്ടായ സാമ്പത്തിക തർക്കങ്ങളാണ് ഇക്കുറി ചിറ കെട്ടാനുള്ള കരാറെടുക്കാൻ ആരും തയ്യാറാകാതിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞതവണ ചെറ കെട്ടിയ കരാറുകാരന് ടെൻഡർ തുക കിട്ടുന്നതിൽ കാലതാമസമുണ്ടായി. ചിറ നേരത്തെ പൊട്ടിയ കാരണം ഉന്നയിച്ചാണ് തുക തടഞ്ഞതത്രെ. മഴശക്തി പ്രാപിച്ച് പുഴയിലെ ഒഴുക്ക് വർദ്ധിക്കുന്നതോടെ മൺചിറ താനെ പൊട്ടിപോകുന്ന വിധത്തിലായിരിക്കണം ചിറയുടെ നിർമ്മാണം. മഴ പതിവിലും നേരത്തെ ശക്തമായതോടെ കഴിഞ്ഞ തവണ കെട്ടിയ ചിറ കാലാവധിക്കു മുൻപ് പൊട്ടുകയായിരുന്നു.
പഞ്ചായത്ത് രേഖകളിൽ പറയപ്പെടുന്ന കാനത്തോട് ചിറയ്ക്ക് എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ഇതിൽ നാലരലക്ഷമാണ് കരാറുകാരന് ലഭിച്ചത്. തടഞ്ഞുവച്ച ബാക്കി തുക അടുത്തിടെയാണ് ലഭിച്ചത്. പറപ്പൂക്കര, പുതുക്കാട്, മറ്റത്തൂർ പഞ്ചായത്തുകൾക്ക് ഈ ചിറയുടെ ഉപയോഗം ലഭിച്ചിരുന്നു. കമ്പി, കവുങ്ങ്, ഓല, 150ഓളം ലോഡ് മണ്ണ് എന്നിവ ഉപയോഗിച്ചാണ് മൺചിറ നിർമിക്കുക. സർക്കാരിന്റെ അനുമതിയോടെ കാട്ടിലെ മുളയാണ് ചിറകെട്ടാൻ ഉപയോഗിക്കുക.
മൂന്ന് മീറ്റർ വീതിയിൽ കെട്ടുന്ന ചിറയ്ക്ക് അഞ്ച് മീറ്ററോളം നീളവും ഉണ്ടാകും. ഈ ചിറയ്ക്ക് മുകളിലൂടെ ചെറു വാഹനങ്ങൾക്ക് ഉൾപ്പെടെ കടന്നുപോകാനാകും. ഈ ചിറ ചെങ്ങാലൂർ മറ്റത്തൂർ കൊടകര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള എളുപ്പമാർഗവുമാണ്. കളക്ടർ സ്ഥലം സന്ദർശിച്ച് ചിറകെട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം സെക്രട്ടറി സജീവൻ കൈപ്പിള്ളി ആവശ്യപ്പെട്ടു.