കയ്പ്പമംഗലം: വേനലവധിക്കാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വോളിബാൾ പരിശീലനവുമായി ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂൾ. 50 ഓളം ആൺകുട്ടികളും 35 ഓളം പെൺകുട്ടികളുമാണ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് സ്‌കൂളിൽ പെൺകുട്ടികൾക്ക് കോച്ചിംഗ് നൽകുന്നത്. പെൺകുട്ടികൾക്ക് കേരളത്തിൽ അനേകം സാദ്ധ്യതകൾ ഉണ്ടെന്ന് മനസിലാക്കിയാണ് പെൺകുട്ടികളുടെ വോളിബാൾ ടീമുണ്ടാക്കാൻ ശ്രമം തുടങ്ങിയത്.
ചെന്ത്രാപ്പിന്നി സ്‌കൂളിൽ നടക്കുന്ന പരിശീലന ക്യാമ്പിന് തൃശൂർ ജില്ലാ വോളിബാൾ അസോസിയേഷൻ , ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവരുടെ സാഹായം ലഭിക്കുന്നുണ്ട്. സ്‌കൂൾ കായിക അദ്ധ്യാപകനും സംസ്ഥാന സ്‌കൂൾ ടീമിന്റെ കോച്ചുമായ ടി.എൻ. സിജിലാണ് ക്യാമ്പിന്റെ പരിശീലകൻ. മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരം നിഷ സിജിൽ സഹ പരിശീലകയാണ്. കായിക ക്ഷമത, സ്‌കിൽ ട്രെയിനിംഗ്, വോളിബാൾ തിയറി ക്ലാസുകൾ, സ്‌പോർട്‌സ് കൗൺസിലിംഗ് എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലത്തിന് ശേഷം കുട്ടികൾക്ക് ഭക്ഷണവും നൽകുന്നുണ്ട്.
സ്‌കൂൾ മാനേജർ ഡോ. കെ.സി. പ്രകാശൻ, പ്രധാന അദ്ധ്യാപകൻ പി.ബി. കൃഷ്ണകുമാർ, പ്രിൻസിപ്പാൾ വി.ബി. സജിത്ത്, അൺ എയ്ഡഡ് പ്രിൻസിപ്പാൾ കെ.ആർ. ഗിരീഷ്, പി.ടി.എ പ്രസിഡന്റ് അഡ്വ.വി.കെ. ജ്യോതിപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.