a-p-muhammadhunni
എ.പി.മുഹമ്മദ്ദുണ്ണി

ഗുരുവായൂർ: സി.പി.എമ്മും മുസ്ലീം ലീഗും ഒരുമുന്നണിയിൽ. സ്ഥാനാർത്ഥി മുസ്ലീം ലീഗിലെ ബി.വി.എസ്. തങ്ങൾ. മുഖ്യ എതിരാളി കോൺഗ്രസായിരുന്നു. നുകം വെച്ച കാള കോൺഗ്രസിന്റെ ചിഹ്നം. നടൻ ബഹദൂറായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെ മുഖ്യ ആകർഷണം. പക്ഷേ താരപ്പൊലിമയൊന്നും വിലപ്പോയില്ല. 463 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.വി.എസ് തങ്ങൾ വിജയിച്ചു. അന്ന് ചേരിതിരിഞ്ഞ് മത്സരിച്ചവർ ഇന്ന് ഒരു മുന്നണിയിൽ. അന്നത്തെ മുന്നണി കൂട്ടാളി ഇന്ന് മുഖ്യ എതിരാളിയും. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ 1967ലെ നിയമസഭാ തിര‌ഞ്ഞെടുപ്പും കന്നിവോട്ട് ചെയ്തതും മുന്നണി ബന്ധങ്ങളും ഓർത്തെടുക്കുകയാണ് ഗുരുവായൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി. അംഗവുമായ എ.പി. മുഹമ്മദുണ്ണി. തൈക്കാട് പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റായിരുന്ന എൻ.എം. മൂസകുട്ടിയുടെ മകനാണ് മുഹമ്മദ്ദുണ്ണി. അന്ന് ഗുരുവായൂർ മേഖലയിൽ കോൺഗ്രസ് പ്രവർത്തകർ കുറവായിരുന്നു. ഇത് നികത്താൻ തൈക്കാട് മേഖലയിൽ നിന്നും ഗുരുവായൂർ മേഖലയിൽ വന്ന് പ്രവർത്തിക്കുന്നതിന് മുഹമ്മദ്ദുണ്ണി, പരേതരായ പണ്ടാരിക്കൽ വിശ്വനാഥൻ, എം.കെ.അബ്ദുൾ ഖാദർ എന്നിവരെയും പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.

തട്ടിൽ കേസിൽ കുറ്റാരോപിതനായതിനെ തുടർന്ന് കെ.കരുണാകരൻ മുഹമ്മദ്ദുണ്ണിയുടെ എളാപ്പയുടെ ചക്കംകണ്ടത്തുള്ള വീട്ടിലായിരുന്നു ഒളിച്ചുതാമസിച്ചത്. കരുണാകരനുമായി അടുത്ത ബന്ധം സ്ഥാപിക്കാനായത് പിന്നീടുള്ള രാഷ്ട്രീയ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കിടയാക്കിയെന്ന് മുഹമ്മദുണ്ണി. ദീർഘനാൾ തൈക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിതാവ് എൻ.എം. മൂസക്കുട്ടി രോഗബാധിതനായപ്പോൾ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പിന്നീട് പ്രസിഡന്റായ കോൺഗ്രസ്സിലെ സി.സി. ഫ്രാൻസിസിനെതിരെ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നു. പിതാവിന്റെ സഹോദരനും പഞ്ചായത്ത് അംഗവുമായ എ.ടി. മൊയ്തുണ്ണിയുടെ നേതൃത്വത്തിലായിരുന്നു അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസം പാസാകാതിരിക്കാൻ പിതാവിനെ തൃശൂരിലെ സഹകരണ ആശുപത്രിയിൽ അഡ്മിറ്റാക്കി. അവിശ്വാസം പരാജയപ്പെട്ടപ്പോൾ പിതാവിനെ ആശുപത്രിയിൽ നിന്നും വീട്ടിലേക്കെത്തിക്കുകയായിരുന്നുവെന്ന് മുഹമ്മദുണ്ണി ഓർക്കുന്നു. ദീർഘകാലം കൊച്ചിൻ ഭൂപണ ബാങ്കിന്റെ പ്രസിഡന്റ്, ഗുരുവായൂർ ടൗൺഷിപ്പ് കമ്മിറ്റി അംഗം, ചാവക്കാട് താലൂക്ക് കാർഷിക വികസന ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും മുഹമ്മദുണ്ണി വഹിച്ചിട്ടുണ്ട്.