അന്തിക്കാട്: പാടശേഖരത്ത് വേനൽ മഴയിൽ കൊയ്തു വെച്ച 800 ടൺ നെല്ല് നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. അന്തിക്കാട് പാട ശേഖരത്തിനു കീഴിലുള്ള കോവിലകം പടവിലെ 500 ഏക്കറിലെ നെല്ലാണ് മഴയിൽ വെള്ളം കയറി ഉപയോഗ ശൂന്യമായത്. പാടശേഖര കമ്മിറ്റിയുടെ അനാസ്ഥയാണ് നഷ്ടത്തിന് ഇടയാക്കിയതെന്നാണ് കർഷകരുടെ ആരോപണം. രണ്ടാഴ്ച മുമ്പ് കൊയ്ത്ത് കഴിഞ്ഞ് ചാക്കിലാക്കിയ നെല്ലാണ് മില്ലു കമ്പനികൾ കൊണ്ട് പോകാത്തത് മൂലം മുങ്ങി നശിച്ചത്. അതേ സമയം രണ്ട് ദിവസം മുമ്പ് കൊയ്ത്തു കഴിഞ്ഞ പടവ് കമ്മിറ്റി ഭാരവാഹികളുടെ നെല്ല് കയറ്റി കൊണ്ട് പോവുകയും ചെയ്തു. ഇതിനെതിരെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. 450 ഓളം കർഷകർ ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്. ഇത്തവണ നല്ല വിളവ് ലഭിച്ചത് കർഷകരെ ആഹ്ലാദത്തിലാക്കിയിരുന്നെങ്കിലും മഴ വില്ലനായെത്തി. ബാങ്കുകളിൽ നിന്നും സ്വകാര്യ ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത കർഷകർ മഴ ചതിച്ചതോടെ വായ്പ തിരിച്ചടക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ്. മഴ നനഞ്ഞ നെല്ല് ഉണക്കി നൽകിയാലും മില്ലു കമ്പനികൾ തൂക്കത്തിൽ വൻകുറവ് വരുത്തും. കൊയ്ത്തു നടത്താനുള്ള 100 ഏക്കറിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ യന്ത്രം ഇറക്കാനും കഴിയില്ല. മഴയിൽ നിലത്ത് വീണ നെല്ല് ഉടൻ കൊയ്തില്ലെങ്കിൽ മുളയ്ക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.
പുതിയ പാടശേഖര സമിതി
500 ഏക്കർ വരുന്ന അന്തിക്കാട് പാടശേഖരത്തിലെ കോവിലകം പടവിന്റെ നേതൃത്വത്തിൽ പുതിയ പാടശേഖര കമ്മിറ്റി രൂപീകരിക്കാൻ കർഷകരുടെ തീരുമാനം. ഇതിനായി പടവിലെ 454 കർഷകർ ഒപ്പിട്ട നിവേദനം കളക്ടർക്കും പുഞ്ച സ്‌പെഷൽ ഓഫിസർക്കും കൈമാറി. ഇവരുടെ ഭാഗത്തു നിന്ന് പരിശോധനയും പൂർത്തിയായി. വൈകാതെ പൊതുയോഗം വിളിച്ചു കൂട്ടി കമ്മിറ്റി രൂപീകരണ നടപടി ആരംഭിക്കുമെന്ന് നേതൃത്വം നൽകുന്ന കർഷകനായ ടി.ആർ. രമേഷ് കുമാർ പറഞ്ഞു. അന്തിക്കാട് പാടശേഖരത്തിലെ തെക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കോവിലകം പടവിൽ കൃഷി ആരംഭിക്കുന്നത് അവസാന ഘട്ടത്തിലാണ്. ഇതു മൂലം പ്രകൃതി ദുരന്തം കർഷകർക്ക് വൻ നാശമാണ് ഉണ്ടാക്കാറ്. ഇതിന് മാറ്റം വേണമെന്ന ആവശ്യം അന്തിക്കാട് പാടശേഖര കമ്മിറ്റി അംഗീകരിക്കാതെ വന്നതോടെയാണ് പുതിയ കമ്മിറ്റി എന്ന ആശയത്തിലേക്ക് എത്തിയത്
....................
സപ്ലൈക്കോയിൽ നിന്ന് നെല്ല് കരാർ എടുത്ത സ്വകാര്യ മില്ലുകാർക്ക് നെല്ല് കയറ്റി കൊണ്ടു പോകുന്നതിനാവശ്യമായ ചെറു വാഹനങ്ങൾ ലഭിക്കാത്തതിനാലാണ് നെല്ല് കയറ്റിക്കൊണ്ട് പോകാനാകാത്ത സാഹചര്യം ഉണ്ടായത്. ചെറുവാഹനങ്ങൾ എത്തിച്ച് ചുമട്ടുതൊഴിലാളികളുമായി ചർച്ച നടത്തി എത്രയും വേഗം നെല്ല് സംഭരണ കേന്ദ്രങ്ങളിലെത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ കഠിന വെയിലിൽ, വലിയ വാഹനങ്ങളിൽ നെല്ല് കയറ്റുന്നതിന് ചുമട്ടുതൊഴിലാളികൾ വിസമ്മതിച്ചതിനാലാണ് ആ ശ്രമം നടക്കാതെ പോയത്.
എം.ജി. സുഗുണദാസ്
അന്തിക്കാട് കോൾ പാടശേഖര സമിതി സെക്രട്ടറി