കൊടുങ്ങല്ലൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഇന്നസെന്റ് മുൻകൈയെടുത്ത് നടപ്പാക്കിയ 1750 കോടി രൂപയുടെ വികസന പദ്ധതികൾക്കൊപ്പം പട്ടികയിൽ ചേർക്കാൻ വിട്ടുപോയ 1.54 കോടി രൂപയുടെ വികസനപദ്ധതികൾ കൂടിയുണ്ടെന്ന് എൽ.ഡി.എഫ്. നേതൃത്വം അവകാശപ്പെട്ടു. എം.പി ഫണ്ട് വിനിയോഗം സംബന്ധിച്ച് ഇന്നസെന്റിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയുള്ള വിശദീകരണം ഉണ്ടായത്. എം.പി ഫണ്ടുമാത്രം ഉപയോഗിച്ച് നടപ്പാക്കേണ്ട ബാദ്ധ്യത മാത്രമാണ് യു.ഡി.എഫിന് വികസനമെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് വിഷയമാക്കേണ്ടി വന്നപ്പോൾ യു.ഡി.എഫിന്റെ ഉറക്കം നഷ്ടപ്പെട്ടത് സ്വാഭാവികമാണെന്നും എൽ.ഡി.എഫ് വ്യക്തമാക്കുന്നു. നേരത്തെ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചേർക്കാൻ വിട്ടുപോയ വാരിയംപറമ്പ് പ്ലാക്കത്തറ റോഡ് (22 ലക്ഷം), മാമ്പ്ര കരിക്കട്ടക്കുന്ന് റോഡ് (18.5 ലക്ഷം), മലയാറ്റൂർ കളരികരിപ്പായ (26 ലക്ഷം), കുറ്റിച്ചിറക്കടവ് റോഡ് (36 ലക്ഷം), എൽ.ഐ കനാൽ ബണ്ട് റോഡ് (34 ലക്ഷം), മംഗലതൃക്കോവ് റോഡ് (18 ലക്ഷം) എന്നിവ കൂടി ചേർത്താണ് പുതിയ അവകാശവാദം. എം.പി ഫണ്ടിൽ നിന്ന് പണം നൽകി നിർമ്മിച്ച റോഡുകൾക്ക് പുറമെ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 123 കോടിയും മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി ഇന്നസെന്റ് ലഭ്യമാക്കി. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് പുറമെ സംസ്ഥാന സർക്കാരിനെയും പഞ്ചായത്തുകൾ വരെയുള്ള ത്രിതല ഭരണസംവിധാനത്തെയും ഇതിനായി ഉപയോഗപ്പെടുത്തണം. ഈ ഉത്തരവാദിത്തം സമർത്ഥമായി നിർവഹിക്കുകയാണ് ഇന്നസെന്റ് ചെയ്തത്. ഇതിനു പുറമെ പൊതുമേഖലാ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും മണ്ഡലത്തിൽ പ്രയോജനപ്പെടുത്തി.