ചാലക്കുടി: എം.പി. ഇന്നസെന്റ് വീണ്ടും ജനവിധി തേടുന്നു, രാജ്യസഭാംഗമായ സുരേഷ് ഗോപി ഇക്കുറി ലോക്‌സഭയിലേക്ക് മത്സരിക്കുന്നു.സിനിമാ താരങ്ങൾക്ക് നിഷിദ്ധമല്ല രാഷ്ട്രീയവും തിരഞ്ഞെടുപ്പും, അങ്ങനെയങ്കിൽ കലാഭവൻ മണി ജീവിച്ചിരുന്നെങ്കിലോ? തീർച്ചയായും ചാലക്കുടിയുടെ പ്രിയപ്പെട്ട മണിച്ചേട്ടനും ഒരു ജനപ്രതിനിധി ആകുമായിരുന്നുവെന്ന് നാട്ടുകാർ അർത്ഥ ശങ്കയ്ക്കിടയില്ലാതെ പറയുന്നു.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം, തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ ചാലക്കുടിയുടെ ചങ്ങാതിയുടെ പേരും ഉയർന്നിരുന്നു. താൻ എന്നും അടിയുറച്ച് വിശ്വസിച്ചിരുന്ന ഇടതുപക്ഷം തന്നെയാണ് മണിയെ സ്ഥാനാർത്ഥിയാക്കാൻ ആലോചനകളിൽ മുഴുകിയത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വടക്കും തെക്കും ജില്ലകളിലെ രണ്ടു സീറ്റുകളിലൊന്ന് മണിക്കായി മാറ്റിവച്ച വിവരവും പുറത്തു വന്നിരുന്നു. എന്നാൽ വിധി അദ്ദേഹത്തിന് ഒരു ജനപ്രതിനിധിയുടെ റോൾ അനുവദിച്ചില്ല.

അന്ന് ആരോഗ്യപരമായ കാരണമായിരുന്നെങ്കിൽ അതിനു മുൻപെല്ലാം മണി തയ്യാറാകാതിരുന്നതാണ് ക്ഷണങ്ങൾക്ക് വിലങ്ങു തടിയായത്. എങ്കിലും തെന്നിന്ത്യ മുഴുവൻ നിറഞ്ഞുനിന്ന ചാലക്കുടിക്കാരന്റെ മനസിൽ അങ്ങനെയൊരു മോഹം മുളപൊട്ടി നിന്നിരുന്നുവെന്നു വേണം കരുതാൻ. അത്തരം ആശയുടെ പ്രതിഫലനമായിരുന്നു എം.എൽ.എ മണി, പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലൂടെ നിഴലിച്ചതെന്ന് അന്നെല്ലാം സംസാരമുണ്ടായി.

കലാഭവൻ മണിയില്ലാത്തെ ഒരു തിരഞ്ഞെടുപ്പ് കടന്നുപോവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനു വേണ്ടി തന്റെ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിച്ച സംഭവങ്ങളെല്ലാം ഇന്ന് ഓർമ്മകളിൽ തങ്ങിനിൽക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിച്ചെത്തിയ ഇന്നസെന്റിനായി മുദ്രാവാക്യം വിളിച്ച മണിയുടെ ആവേശവും ഒപ്പിയെടുക്കാത്ത രംഗങ്ങളായി മണിക്കൂടാരത്തിലും അവശേഷിക്കുന്നു. തെല്ല് തെക്കേപ്പുറത്ത് അന്ത്യ വിശ്രമം കൊള്ളുന്ന കല്ലറയും എല്ലാത്തിനും മൂകസാക്ഷിയായുണ്ട്.