ചാലക്കുടി: ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല, ഇപ്പോഴും നാട്ടിൽ ഇല്ലിമുളകൾ പൂക്കുന്നുണ്ട്. അവയുടെ അരി പാഴായി പോകാറുമുണ്ട്. ആർക്കെന്ത് ചേദം എന്നായിരിക്കും ഇതേക്കുറിച്ച് ആളുകളുകളുടെ മനസിൽ. എന്നാൽ ഇല്ലിയരി ശേഖരിക്കുന്നതിന് മല്ലടിച്ച ഒരു കാലമുണ്ടായിരുന്നു മലയാളികൾക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലുള്ളവർക്ക്.
വീടുകളിൽ ദാരിദ്ര്യത്തിന് പ്രഥമ സ്ഥാനമുണ്ടായിരുന്ന അരനൂറ്റാണ്ട് മുമ്പ് മുളയരിയുടെ രുചിയും ഗുണവും ജനങ്ങൾ അനുഭവിച്ചറിഞ്ഞിരുന്നു. ഇല്ലി പൂക്കുംകാലം അന്നത്തെ തലമുറ കൺകുളിർക്കെ കണ്ടു, അവ സംഭരിച്ച് വിശപ്പും അടക്കി. വഴികളായ വഴികളും കൃഷിയിടങ്ങളും ഇല്ലിക്കാടുകളാൽ സമ്പന്നമായിരുന്നു. അക്കാലത്തെ സ്‌നേഹ മതിലായിരുന്നു ഇല്ലിമുൾ വേലി.
മുളകൾക്കും വൻ ഡിമാന്റ്. അതിനാൽ ഇല്ലിമുളകളുടെ സാമീപ്യവും നാട്ടുകാർ ഇഷ്ടപ്പെട്ടു. ഇതിനിടെയാണ് ഇല്ലി പൂക്കാലമെന്ന അത്യപൂർവ്വമായ വസന്തകാലം വന്നെത്തിയത്. എല്ലാ പ്രദേശങ്ങളിലും ഇവ പൂത്തലഞ്ഞത് അസുലഭ കാഴ്ചയായിരുന്നുവെന്ന് ഇന്നും പഴമക്കാർ ഓർത്തെടുക്കുന്നു. മുളയും മുളങ്കാടുകളും നാടുനീങ്ങി. മുള ഉത്പന്നങ്ങൾ കാഴ്ച വസ്തുക്കളുമാകുന്ന ഇന്ന് മുളയരിയെ എന്തിന് ഓർക്കമണെന്ന ചിന്തയാണ് ജനങ്ങൾക്ക്. കൂട്ടാമായല്ലെങ്കിലും ഇടയ്‌ക്കൊക്ക മുളകൾ പൂക്കുന്നത് ആരും അറിയുന്നില്ല. മേലൂരിലെ പലയിടത്തും ഇക്കുറി ആളും ആരവുമില്ലാതെ ഇല്ലി പൂത്തുനിൽക്കുന്നു.
ആർത്തിയോടെ ഇല്ലിക്കായി
വറുതികാലത്ത് ഭൂരിഭാഗം വീടുകളിലും ഉച്ചഭക്ഷണവും അത്താഴവുമെല്ലാം മുളയരിയുടേതാകും പണ്ട്. മുളങ്കൂട്ടങ്ങൾക്ക് താഴെ ചാക്കു വിരിച്ച് പുലർകാലത്തോളം അരി ശേഖരിച്ച വേളകളുണ്ട്. വഴിയോരങ്ങളിൽ നിന്നും സൗജന്യമായി കിട്ടുന്ന മുളയരികൾ ആർത്തിയോടെ ഭക്ഷിച്ച കാലം ഇന്ന് ഓർമ്മയിൽ മാത്രം. അമ്പത് വർഷം കൂടുമ്പോഴാണ് ഇല്ലി പൂക്കുന്നത്. അര നൂറ്റാണ്ടു മുൻപുള്ള ഇവയുടെ പൂക്കാലം ഇന്നും ഓർമ്മയിലുണ്ട്.
- മൂത്തേടൻ ജോസ്, മേലൂരിലെ കർഷകൻ