suresh-gopi

പെരിങ്ങോട്ടുകര: ഓർമയുണ്ടോ ഈ മുഖം ?... സുരേഷ് ഗോപിയോടായിരുന്നു ചോദ്യം. ഡയലോഗ് കേട്ടപ്പോൾ സുരേഷ്‌ഗോപി ഒരുനിമിഷം ശങ്കിച്ചു. മുഖം കണ്ടപ്പോൾ എവിടെയോ കണ്ടു പരിചയം പോലെ. ചോദ്യകർത്താവിന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. ആശ്ചര്യത്തോടെ സുരേഷ് ഗോപി അവരെ തിരിച്ചറിഞ്ഞു. ആറു വർഷം മുമ്പ് നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയുടെ ഹോട്ട് സീറ്റിൽ തനിക്ക് മുന്നിലിരുന്ന രജനിയെന്ന വീട്ടമ്മ.


പ്രചാരണത്തിന് സുരേഷ് ഗോപി തൃപ്രയാർ കിഴക്കേനട പൈനൂർ ബാപ്പുജി കോളനിയിൽ എത്തിയപ്പോഴാണ് പൈനൂർ ആര്യവീട്ടിൽ രജനിയെ ബി.ജെ.പി പ്രവർത്തകർ സുരേഷ് ഗോപിക്കരികിലെത്തിച്ചത്. രണ്ട് തവണ പ്രചാരണസ്ഥലങ്ങളിൽ സുരേഷ്‌ഗോപിയെ കാണാൻ പോയിരുന്നുവെങ്കിലും തിരക്ക് മൂലം കാണാനായില്ല. അതിനിടെയാണ് വീട്ടിനടുത്ത് സുരേഷ്‌ഗോപിയെത്തിയത്. 2013 മേയ് 23 നാണ് നിങ്ങൾക്കുമാകാം കോടീശ്വരനിൽ തൃപ്രയാർ കിഴക്കേനട പൈനൂർ ആര്യവീട്ടിൽ രജനി പങ്കെടുത്തത്. രജനിക്കും ഭർത്താവ് രജീഷിനും മക്കളായ ആദിത്യക്കും ആകാശിനും അന്ന് താമസിക്കാൻ വീടുണ്ടായിരുന്നില്ല. ദയനീയാവസ്ഥ കോടീശ്വരൻ പരിപാടിയിൽ രജനി തുറന്നുപറഞ്ഞു. നിർമാണത്തിനായി സുരേഷ് ഗോപി അമ്പതിനായിരം രൂപ നൽകി.


ഞാൻ കോടീശ്വരനിൽ പങ്കെടുത്ത് 6,40,000 രൂപ സമ്മാനമായി രജനി നേടി. ആ പണം കൂടിചേർത്താണ് വീടുവെച്ചത്. 'വരദ'എന്ന് വീടിന് പേരിട്ടത് സുരേഷ്‌ഗോപി തന്നെയാണ്. അന്ന് ഹോട്ട്‌സീറ്റിൽ രജനിയാണെങ്കിൽ ഇന്ന് ഹോട്ട്‌സീറ്റിൽ താനാണെന്ന് സുരേഷ്‌ഗോപി ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു. വീണ്ടും കാണാമെന്നും കാണണമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് സേവ്യൻ പള്ളത്ത്, ഇ.പി. ഹരീഷ്, സുഭാഷ് രാജ്, സച്ചിദാനന്ദൻ, എ.കെ. മനോജ്, ഉണ്ണിക്കൃഷ്ണൻ പണിക്കെട്ടി, ശ്രീകേഷ്, ഉല്ലാസ് കെ., ദീപക് പുന്നപ്പിള്ളി എന്നിവരും സുരേഷ്‌ഗോപിക്കൊപ്പമുണ്ടായിരുന്നു.