തൃശൂർ: പ്രചാരണ കേന്ദ്രങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി എത്തുമ്പോഴുള്ള ഓളം കണ്ട് അതൊന്നും മീനാകുമെന്ന് കണക്കുക്കൂട്ടേണ്ടെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തേറമ്പിൽ രാമകൃഷ്ണൻ. എന്നാൽ അത് മീനാണോ എന്ന് ഫലപ്രഖ്യാപനം പുറത്തുവരുമ്പോൾ കാണാമെന്ന് എൻ.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ. നാഗേഷ്. എന്തൊക്കെ ഓളമുണ്ടായാലും ഒരിക്കലും എൽ.ഡി.എഫിന് കിട്ടേണ്ട വോട്ടുകൾ ചോരില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. തൃശൂർ പ്രസ് ക്‌ളബിന്റെ 'രാഷ്ട്രീയം പറയാം' തിരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മൂന്നുപേരും.
ത്രികോണ മത്സരമാണെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ബി.ജെ.പി.ക്ക് ലഭിക്കേണ്ട വോട്ടുകളുടെ പരമാവധിയിൽ എത്തിക്കഴിഞ്ഞുവെന്ന് തേറമ്പിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകളുടെ അപ്പുറം ഇനി പ്രതീക്ഷിക്കേണ്ടതില്ല. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം പോയ കാലങ്ങളിൽ കാണാത്ത തരത്തിൽ സുതാര്യമായിരുന്നു.
സുധീരൻ മത്സരിക്കുന്നില്ലെന്ന് വ്യക്തമായതോടെ തുടക്കത്തിൽ തന്നെ പ്രതാപൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചു. എന്നാൽ സി.പി.ഐ. അവരുടെ ഒരേയൊരു സിറ്റിംഗ് എം.പിയെ മാറ്റിയാണ് മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയെന്നും തേറമ്പിൽ ആരോപിച്ചു. എന്നാൽ പുതിയ ആളുകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് സി.പി.ഐ എന്നും മറ്റു പാർട്ടികളെപ്പോലെ എല്ലാക്കാലവും ഒരേ നേതാവിനെ മത്സരിപ്പിക്കാറില്ലെന്നും കെ.കെ. വത്സരാജ് പറഞ്ഞു. ആദ്യം പ്രചാരണങ്ങളിൽ ഇറങ്ങാൻ കഴിഞ്ഞത് സ്ഥാനാർത്ഥിയെ കൃത്യസമയത്ത് പ്രഖ്യാപിച്ചതിനാലാണ്. യാതൊരു തർക്കങ്ങളും ഇക്കാര്യത്തിലുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി സിനിമാതാരം മാത്രമല്ല, രാജ്യസഭാ എം.പിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും നാഗേഷ് പറഞ്ഞു. ഇന്നസെന്റും ഖുശ്ബുവും പ്രചാരണത്തിനിറങ്ങുമ്പോഴുളള ഓളം മീനാകുകയും സുരേഷ് ഗോപി ഇറങ്ങുമ്പോൾ അങ്ങനെ അല്ലാതാകുകയും ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും നാഗേഷ് പറഞ്ഞു.
ശബരിമല
ശബരിമല വിഷയം ബി.ജെ.പിയല്ല, ജനങ്ങൾക്കിടയിലാണ് ചർച്ചയായതെന്ന് നാഗേഷ് പറഞ്ഞു. എന്നാൽ ശബരിമല ഒരിക്കലും തിരഞ്ഞെടുപ്പിൽ സ്വാധീനിക്കപ്പെടില്ലെന്ന് വത്സരാജ് വ്യക്തമാക്കി. മതേതരത്വമാണ് കോൺഗ്രസിന്റെ മുഖമുദ്രയെന്നും മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നത് ശരിയല്ലെന്നും സ്വാധീനിക്കുമോ എന്ന് ഫലം വരുമ്പോൾ കാണാമെന്നും തേറമ്പിൽ പറഞ്ഞു.