പ്രസ്താവനയ്ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ആക്ഷേപം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തന്ത്രിയുടെ പേരും പദവിയും ദുരുപയോഗം ചെയ്യരുതെന്ന ദേവസ്വം ചെയർമാന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം.

ബ്രഹ്മശ്രീ ചേന്നാസ് പി.സി. നാരായണൻ നമ്പൂതിരിപ്പാടാണ് 2014 മുതൽ ഗുരുവായൂർ ക്ഷേത്രം തന്ത്രിയെന്നും, തന്ത്രിയാണെന്ന് പറഞ്ഞ് ചിലർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വ്യക്തമാക്കി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയത്. എന്നാൽ ക്ഷേത്രത്തിൽ താന്ത്രിക കർമ്മങ്ങൾക്ക് അത്യപൂർവമായേ ചേന്നാസ് പി.സി. നാരായണൻ നമ്പൂതിരിപ്പാട് പങ്കെടുക്കാറുള്ളൂ. ചേന്നാസ് ഹരി നമ്പൂതിരിപ്പാടും ചേന്നാസ് ഇല്ലത്തെ ഇളം തലമുറയിൽപ്പെട്ട ശ്രീകാന്ത് നമ്പൂതിരിപ്പാടുമാണ് ക്ഷേത്രത്തിൽ താന്ത്രിക കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുക. ചേന്നാസ് കുടുംബത്തിലെ മറ്റൊരു അംഗമായ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെയാണ് ക്ഷേത്രം തന്ത്രി എന്ന നിലയിൽ പൊതുസമൂഹം നോക്കിക്കാണുന്നത്. പൊതുപരിപാടികൾക്ക് മുഴുവൻ ക്ഷണിക്കപ്പെടുന്നതും ഇദ്ദേഹമാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെയും ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിനെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. എന്നാൽ ഇടതുപക്ഷ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിനെ മാത്രമേ സന്ദർശിച്ചിരുന്നുള്ളൂ. ഇതുകൂടാതെ വിഷുദിനത്തിൽ ടി.എൻ പ്രതാപന്റെ നാടായ തളിക്കുളത്ത് വച്ച് ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രതാപന് വിഷുക്കൈനീട്ടം നൽകുകയും ചെയ്തു. ഇതാണ് ദേവസ്വം ചെയർമാനെ പ്രകോപിപ്പിച്ചതെന്നാണ് ആക്ഷേപം. ഇതേത്തുടർന്നാണ് ചെയർമാൻ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതെന്നാണ് വിവരം. നേരത്തെ യേശുദാസിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് ദിനേശൻ നമ്പൂതിരിപ്പാട് പ്രസ്താവന ഇറക്കിയപ്പോൾ വാനോളം പുകഴ്ത്തിയവർ തന്നെയാണ് ഇപ്പോൾ ദിനേശൻ നമ്പൂതിരിപ്പാടിനെ വിമർശിക്കുന്നതെന്നാണ് ഭക്തജനങ്ങളുടെ ആക്ഷേപം.