ചാലക്കുടി: പരസഹായമില്ലാതെ നടക്കാൻ തെല്ല് പ്രയാസമുണ്ട്. രണ്ട് മാസമായി ചെറിയ അവശതയും. എന്നാലും ഇത്തവണയും വോട്ട് ചെയ്യുമെന്നുറപ്പിച്ച് പറയുന്നു വറുതുണ്ണി മുത്തച്ഛൻ. നൂറ്റിയാറാം വയസിലും അദ്ദേഹത്തിന്റെ വാക്കുകളിൽ പൗരബോധം തിളങ്ങുന്നു.
ഒരു പക്ഷേ സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ വോട്ടറായിരിക്കും വോട്ട് ചെയ്യലിൽ ശതാഭിഷേകവും താണ്ടിയ കണ്ടംകുളത്തി വറുതുണ്ണിയെന്ന കൊരട്ടി വാലുങ്ങാമുറിക്കാരുടെ പ്രിയപ്പെട്ട കാരണവർ.
നടക്കുന്നതിന് മാത്രമാണ് ഇപ്പോൾ അൽപ്പം പ്രയാസം. വോട്ട് എങ്ങനെ ആർക്ക് ചെയ്യണമെന്നൊക്കെ അദ്ദേഹത്തിന് അറിയാം. പനമ്പിള്ളി ഗോവിന്ദ മേനോൻ മത്സരിച്ച കാലഘട്ടം മുതൽ കൈവിരലിൽ മഷി പുരട്ടി തുടങ്ങിയ പരിചയം.
പിതാവ് ഔസേപ്പായിരുന്നു തറവാട്ട് വീട്ടിൽ വച്ച് വറുതുണ്ണിയെ പനമ്പിള്ളിക്ക് പരിചയപ്പെടുത്തിയത്. നാലാം ക്ലാസിൽ പഠനം പൂർത്തിയാക്കി വറുതുണ്ണി നേരെയിറങ്ങിയത് കൃഷിയിടത്തിലേക്ക്. ഇഞ്ചിപ്പുൽ കൃഷിയായിരുന്നു മുഖ്യ തൊഴിൽ. വാറ്റിയെടുത്ത ഇഞ്ചിപ്പുൽ തൈലം കാൽനടയായി വിൽപ്പന നടത്തിയ കാലം ഇപ്പോഴും കണ്മുന്നിലുണ്ട്.
99ലെ മഹാപ്രളയവും 1962ലെ വലിയ വെള്ളപ്പൊക്കവും കണ്ട ഇദ്ദേഹത്തിന് പക്ഷേ ഇത്തവണത്തെ പ്രളയം കേട്ടറിവായി. കൊരട്ടി പഞ്ചായത്തിനെ പ്രളയം കാര്യമായി ബാധിച്ചില്ല. ഇളയ മകൻ വർഗീസിന്റെ കൂടെയാണ് താമസം. ജീവിത ശൈലി രോഗങ്ങളൊന്നും എത്തി നോക്കിയിട്ടില്ല. കണ്ണടയില്ലാതെ പത്രം വായിക്കും.
അടുത്തയിടെ വരെ തനിയെ പള്ളിയിലും പോയിരുന്നു. അഞ്ചു തലമുറയുടെ അധിപനാണ്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ നാലുകെട്ട് സ്‌കൂളിലെ ബൂത്തിൽ ഇക്കുറിയും നേരത്തെയെത്തി വോട്ട് ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലാണ് വറുതുണ്ണി അപ്പൂപ്പൻ.