gvr-news-photo-baby-john
എൽ.ഡി.എഫ് ഗുരുവായൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോൺ സംസാരിക്കുന്നു

ഗുരുവായൂർ: ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളെ ആകെ ചവിട്ടിമെതിച്ച മോദിക്കും കൂട്ടർക്കും ഈ തിരഞ്ഞെടുപ്പ് ചരമക്കുറിപ്പ് ആകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോൺ. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഭീതി സ്വപ്നമായിരുന്നു മോദി. അർദ്ധരാത്രികളിൽ മോഡി വായതുറന്നാൽ ജനങ്ങൾ ഭയപ്പാടോടെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 10 കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന മോദി 70 ലക്ഷം യുവാക്കളുടെ തൊഴിലാണ് കവർന്നെടുത്തത്. വർഗീയശക്തികൾക്കെതിരായ നിലപാട് സ്വീകരിക്കേണ്ട കോൺഗ്രസ് ആകട്ടെ വർഗീയതയോട് ഓരം ചേർന്നു പോകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അവരുടെ ഭരണകാലത്ത് ഇന്ത്യയുടെ ഖജനാവ് അവരും കൊള്ളയടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി.കെ പ്രകാശൻ അദ്ധ്യക്ഷനായി. പി.ടി. കുഞ്ഞുമുഹമ്മദ്, എം. കൃഷ്ണദാസ്, അഡ്വ.പി. മുഹമ്മദ് ബഷീർ, വി.എസ്. രേവതി, ആർ.വി. ഷെരീഫ്, എം. രതി, എം.സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.