ഒരുക്കങ്ങൾ പൂർത്തിയായി
തൃശൂർ: ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 24,36,393 വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ടി.വി. അനുപമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പി.എച്ച്.സികളുടെ ആംബുലൻസ്, ഓട്ടോറിക്ഷകൾ എന്നിവ ഓരോ പഞ്ചായത്തിലും നാല് വീതവും നഗരസഭകളിൽ എട്ട് വീതവും ഉപയോഗിക്കും. ബൂത്തുകളിൽ കുടിവെള്ളവും വൈദ്യസഹായവും ഏർപ്പെടുത്തും. തൃശൂർ,ചാലക്കുടി, ആലത്തൂർ മണ്ഡലങ്ങളിലെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് നടന്നു. ജില്ലയിൽ 2608 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 2927 വിവിപാറ്റ് മെഷീനുമാണ് റാൻഡമൈസേഷനിലൂടെ അനുവദിച്ചിട്ടുള്ളത്. കമ്മിഷനിംഗിനിടെ 106 കൺട്രോൾ യൂണിറ്റുകളും 52 ബാലറ്റ് യൂണിറ്റുകളും 350 വിവിപാറ്റ് മെഷീനും കേടായി. ഇവക്ക് പകരം അനുവദിച്ചിട്ടുണ്ട്. 14 ശതമാനം ഇ.വി.എമ്മും 28 ശതമാനം വിവിപാറ്റും റിസർവായുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനായി 13 കേന്ദ്രങ്ങളാണുള്ളത്. തൃശൂർ മണ്ഡലത്തിൻെ വോട്ടെണ്ണൽ മാത്രമാണ് ജില്ലയിൽ നടക്കുക. ആലത്തൂർ മണ്ഡലത്തിന്റേത് പാലക്കാടും ചാലക്കുടിയുടേത് എറണാകുളത്തും നടക്കും.
സുരക്ഷ ശക്തമാക്കും
കേന്ദ്ര, അർദ്ധ സൈനിക വിഭാഗത്തിന്റെ സേവനം ലഭ്യമാണെന്നും എന്ത് പരാതിയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കാമെന്നും സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ജി.എച്ച്, റൂറൽ എസ്.പി കെ.പി വിജയകുമാരൻ എന്നിവർ അറിയിച്ചു. കൺട്രോൾ റൂം ഫോൺ നമ്പർ: 0487 2363300. 1950 ടോൾ ഫ്രീ നമ്പറിലും അറിയിക്കാം. വാർത്താ സമ്മേളനത്തിൽ സബ് കളക്ടർ എസ്. പ്രേം കൃഷ്ണൻ, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. വിജയൻ എന്നിവരും സംബന്ധിച്ചു.
പോളിംഗ് ബൂത്തുകൾ- 2283
തൃശൂർ- 1258
ആലത്തൂർ-510
ചാലക്കുടി- 515
മാതൃകാ ബൂത്തുകൾ -145 (തൃശൂർ-80, ആലത്തൂർ-30, ചാലക്കുടി-35.)
സ്ത്രീ സൗഹൃദ പോളിംഗ് ബൂത്തുകൾ 26 (തൃശൂർ- 14, ആലത്തൂർ-6, ചാലക്കുടി-6 )
പട്ടികവർഗ മേഖലയിൽ 20 (തൃശൂർ, ആലത്തൂർ-നാല് വീതം. ചാലക്കുടി 12.)
കയ്പമംഗലത്ത് 20 ബൂത്തുകൾ സ്ത്രീകൾക്ക് മാത്രവും 18 ബൂത്തുകൾ പുരുഷൻമാർക്ക് മാത്രവുമായി സംവരണം ചെയ്തിട്ടുണ്ട്.
പുരുഷ വോട്ടർമാർ-11,71,011
സ്ത്രീ വോട്ടർമാർ- 12,65,356
ട്രാൻസ്‌ജെൻഡേഴ്‌സ്- 26
ഭിന്നശേഷി വോട്ടർമാർ- 8919