തൃശൂർ : ആലത്തൂർ, തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ 603 പോളിംഗ് സ്റ്റേഷനുകളിലായി 1700 പൊലീസ് ഉദ്യോഗസ്ഥരും, 194 കർണ്ണാടക പൊലീസും, 548 തിരഞ്ഞെടുക്കപ്പെട്ട സ്‌പെഷൽ പൊലീസ് ഓഫീസർമാരും ഡ്യൂട്ടിക്കുണ്ടാകും. സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ 11 എ.സി.പിമാർക്കും 27 സർക്കിൾ ഇൻസ്പെക്ടർമാർക്കുമാണ് മേൽനോട്ടം. ആറ് സബ് ഡിവിഷനുകളായാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്.

14 അതീവ പ്രശ്‌നബാധിത ബൂത്തുകളിലേയ്ക്ക് നാല് മഹാരാഷ്ട്ര എസ്.എ.പി പൊലീസും, രണ്ട് വീതം പൊലീസുകാരും കാവലുണ്ടാകും. 145 പ്രശ്‌നബാധിത ബൂത്തുകളിലേയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ച രണ്ട് വീതം പൊലീസുകാരെയും നിയോഗിച്ചു. എസ്.ഐമാരുടെ നേതൃത്വത്തിൽ 63 ഗ്രൂപ്പ് പട്രോളിംഗ് ടീം ജില്ലയിലുടനീളം സഞ്ചരിക്കും. എല്ലാ ബൂത്തുകളെയും, രാഷ്ട്രീയ അതിപ്രസരമുള്ള കേന്ദ്രങ്ങളെയും വലയം ചെയ്ത് പരിശോധിക്കുന്ന രീതിയിലാണ് പട്രോളിംഗ്. സംഘർഷം, തർക്കം, മറ്റു പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടാലുടൻ പൊലീസ് കർശന നടപടിയെടുക്കും. തത്സമയം ചിത്രങ്ങൾ ഒപ്പിയെടുക്കുന്നതിനായി എല്ലാ പട്രോളിംഗ് ടീമിനും വീഡിയോ കാമറ നൽകി.
40 സുരക്ഷാ പട്രോളിംഗും ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ഒരു ഡി.ജി.പി സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഒരു ഐ.ജി സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, മൂന്ന് സിറ്റി പൊലീസ് കമ്മിഷണർ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് എന്നിവയും തയ്യാറാക്കി. രാമവർമ്മപുരം ജില്ലാ സായുധസേനാ ക്യാമ്പിൽ ഇന്നലെ രാവിലെ നടന്ന പ്രത്യേക സുരക്ഷാ അവലോകന യോഗത്തിൽ കമ്മിഷണർ പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ് എം.സി ദേവസ്യ മുഖ്യവിശദീകരണം നൽകി. സ്‌പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷംസുദ്ധീൻ പങ്കെടുത്തു.

സാങ്കേതിക വിദ്യകളിലൂടെ ആസൂത്രണം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഏവർക്കും അവരവരുടെ ഡ്യൂട്ടിവിവരം മൊബൈൽ സന്ദേശമായി നൽകി ജില്ലാ പൊലീസ് മാതൃകയായി. 2500 പേർക്കും ഇത്തരത്തിൽ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് വിവിധ സന്ദേശങ്ങൾ കൈമാറും. ബൂത്ത്, പോളിംഗ് സ്റ്റേഷൻ, കൂട്ടാളികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരം എന്നിവയെല്ലാം മൊബൈലിൽ നൽകി. ഡ്യൂട്ടി വിവരം, നിർദ്ദേശങ്ങൾ, കർത്തവ്യങ്ങൾ എന്നിവ വ്യക്തമാക്കിയ പ്രത്യേക ഡ്യൂട്ടി കൈപുസ്തകവും തയ്യാറാക്കി നൽകി. ഡ്യൂട്ടി സംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് പരിശോധിക്കുന്നതിനും, വിവരം രേഖപ്പെടുത്താനും പ്രത്യേക കോളവും നൽകി. ജില്ലയിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പർ അടക്കം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയതാണ് കൈപുസ്തകം. 548 സ്‌പെഷൽ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. എൻ.സി.സി കേഡറ്റുകൾ, വിമുക്തഭടർ, സന്നദ്ധപ്രവർത്തകർ എന്നിവരെയാണ് ബൂത്ത് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.

ജില്ലയിൽ അലർട്ട്


തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തികളിലും, ഹൈവേകളിലുമെല്ലാം വാഹനപരിശോധനയും, സുരക്ഷയും കർശനമാക്കി. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കുന്ന 21 മുതൽ വോട്ടെടുപ്പ് നടക്കുന്ന 24 വരെ അലർട്ട് പ്രഖ്യാപിച്ചു. സംശയാസ്പദമായ വാഹനങ്ങളെയും, ആളുകളെയും കുറിച്ച് വിവരം നൽകാൻ ജില്ലയിൽ പൊലീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഫോൺ 100 . ബൂത്ത് പിടുത്ത ശ്രമം, വോട്ട്‌ ചെയ്യാനെത്തുന്നവരെ തടയൽ, പോളിംഗ് സ്റ്റേഷൻ പ്രവർത്തനത്തിനും, വിവിധ പരിശോധനയ്ക്കും തടസം നിൽക്കൽ എന്നിവയെല്ലാം ഉണ്ടായാൽ കർശന നടപടിയെടുക്കും.