മാള: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് അന്തിയുറങ്ങാൻ വീടൊരുക്കി സന്ത് നിരങ്കാരി മിഷൻ. അന്നമനട പഞ്ചായത്തിലെ ആര്യംപറമ്പ്, മാമ്പ്രക്കടവ് പ്രദേശങ്ങളിലായി ആറ് വീടുകളാണ് നിർമ്മിച്ചു നൽകിയത്. സർവേ നടത്തി അർഹരായവരെ തെരഞ്ഞെടുത്തു. സർക്കാരിൽ നിന്ന് വേഗത്തിൽ വീട് ലഭ്യമാകാത്ത കുടുംബങ്ങളെയാണ് കണ്ടെത്തിയത്. വീട് ലഭിച്ചവരെല്ലാം പട്ടികജാതി വിഭാഗത്തിലുള്ളവരാണ്. മിഷൻ സന്നദ്ധ പ്രവർത്തകർ നേരിട്ടാണ് ശരാശരി 550 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ നിർമ്മിച്ചത്. ശരാശരി എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ കൺവീനർ സുഭാഷ് പറഞ്ഞു. മിഷന്റെ പ്രവർത്തന രീതികളിൽ ആകൃഷ്ടരായി നിരവധി പേരാണ് ഇതോടൊപ്പം ചേർന്നത്. 1929 ൽ പെഷവാറിൽ നിന്നാണ് ബാബ ബൂട്ടാസിംഗ് നിരങ്കാരി മിഷൻ തുടങ്ങുന്നത്. ഇപ്പോൾ 123 രാജ്യങ്ങളിൽ മിഷൻ പ്രവർത്തനം നടത്തുന്നു. ശസ്ത്രക്രിയാ ക്യാമ്പുകൾ, ചികിത്സാ ക്യാമ്പുകൾ, സമൂഹ വിവാഹം തുടങ്ങിയ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്ന ഫൗണ്ടേഷൻ ഈ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾ അടക്കമുള്ളവയിൽ സജീവമായിരുന്നു. തുടർന്നാണ് വീടുകൾ നിർമ്മിച്ചു നൽകാനുള്ള ആശയം പ്രവർത്തികമാക്കിയത്. 1500 സന്നദ്ധ പ്രവർത്തകരാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതിന്റെ കീഴിൽ 2010 ൽ തുടക്കം കുറിച്ച ചാരിറ്റബിൾ ഫൗണ്ടേഷനാണ് പ്രളയകാലത്ത് നിരവധി സേവനം ചെയ്തത്. വീടുകളുടെ താക്കോൽ കൈമാറ്റം വി.ആർ. സുനിൽ കുമാർ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീദേവി വിജു, ഗീത ഉണ്ണികൃഷ്ണൻ, കോൺഗ്രസ് മാള ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ജോസ്, ഡി.സി.സി സെക്രട്ടറി എ.എ. അഷറഫ്, നിരങ്കാരി മിഷൻ ചാരിറ്റബിൾ ഫൗണ്ടേഷന് നേതൃത്വം നൽകുന്ന ഇ.വി. മുസ്തഫ, മുൻ പൊലീസ് സൂപ്രണ്ട് വി.ജി. ബാബു, അഡ്വ. ടി.സി. ശ്രീദേവി തുടങ്ങിയവരും പങ്കെടുത്തു..