തൃശൂർ: ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പട്ട ആലത്തൂർ ലോക് സഭാ മണ്ഡലത്തിൽ പാട്ടുംപാടി ആര് ജയിക്കുമെന്ന ചോദ്യമാണ് പരസ്യപ്രചാരണത്തിന്റെ അവസാനവേളകളിലും ഉയർന്നത്. തുടക്കത്തിൽ ഇടതുപക്ഷത്തിന് വലിയ മേൽക്കൈ ഉണ്ടായിരുന്ന ആലത്തൂരിൽ, ഫലം പ്രവചനങ്ങൾക്ക് അപ്പുറം തന്നെയാണെന്നും ആർക്കായാലും വൻഭൂരിപക്ഷം ഉണ്ടാകില്ലെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തൽ. എന്നും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന മണ്ഡലം ഇളകിയാടിയതിന് കാരണം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വവും പ്രചാരണരീതികളുമാണെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. എന്നാൽ കോൺഗ്രസിലെ പടലപ്പിണക്കങ്ങളും ഏകോപനമില്ലായ്മയും താഴെത്തട്ടിലുളള പ്രവർത്തനങ്ങളിലെ കുറവും തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പാട്ടും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ വാവിട്ട വാക്കുമാണ് ആലത്തൂരിനെ സംസ്ഥാനശ്രദ്ധയിലെത്തിച്ചത്. ഇതെല്ലാം പ്രചാരണത്തിന് ചൂടുളള വിഷയങ്ങളുമായി. രമ്യ പാട്ടുപാടി വോട്ടു തേടുന്നത് ശരിയല്ലെന്ന് ഇടതു അനുഭാവികൾ പരസ്യമായി പ്രതികരിച്ചത് തങ്ങൾക്ക് അനുകൂലമായ തരംഗമുണ്ടാക്കിയെന്നാണ് യു.ഡി.എഫ് കരുതുന്നത്. തൊട്ടുപിന്നാലെ എ. വിജയരാഘവന്റെ വിവാദ പരാമർശവും യു.ഡി.എഫ് നന്നായി മുതലാക്കി. യു.ഡി.എഫ് ഇത്രമാത്രം പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് ആലത്തൂർ ഇന്നേവരെ കണ്ടിട്ടില്ലെന്നാണ് മണ്ഡലത്തിലുള്ളവരും പറയുന്നത്. അതുകൊണ്ടു തന്നെ അട്ടിമറി വിജയമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

പത്തു വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനവും രാഷ്ട്രീയവിഷയങ്ങളുമാണ് ഇടതുസ്ഥാനാർത്ഥി പി.കെ. ബിജു പ്രചാരണവിഷയങ്ങളാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി ഒഴിച്ച് ആറു നിയമസഭാമണ്ഡലങ്ങളിലൂടെ മികച്ച ഭൂരിപക്ഷമാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. മൂന്നു മന്ത്രിമാരുമുണ്ട്. സാധാരണക്കാർക്കും കർഷകർക്കും വേണ്ടി രൂപംകൊടുത്ത പദ്ധതികളാണ് സിറ്റിംഗ് എം.പിയായ ബിജു ചൂണ്ടിക്കാട്ടുന്നത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും നടത്തിയ വികസനങ്ങളും ആ പട്ടികയിലുണ്ട്. ഗ്രാമങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളും എം.പി ഫണ്ടിന്റെ സഹായത്തോടെ ചെയ്തു തീർത്തു. രണ്ടു തവണ വിജയിച്ച ബിജു മൂന്നാമതും ആലത്തൂരിന്റെ നായകനാകുമെന്ന് ഇടതുകേന്ദ്രങ്ങൾ ഉറപ്പിക്കുന്നു.

ബി.ഡി.ജെ.എസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു ഇരുപക്ഷത്തെയും ഒരുപോലെ ആക്രമിച്ചാണ് പ്രചാരണവേദികളിൽ തിളങ്ങിയത്.

ഇടതു ജനപ്രതിനിധിയായും സമരങ്ങളിൽ ശ്രദ്ധേയസാന്നിദ്ധ്യമായും കരുത്തറിയിച്ച ടി.വി. ബാബു കർഷകരുടെയും താെഴിലാളികളുടെയും പരാതികൾക്കും ആവശ്യങ്ങൾക്കും ദുരിതകഥകൾക്കും ക്ഷമയോടെ കാതോർത്തും മണ്ഡലത്തിൽ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിഭാഗവും കർഷകരും സാധാരണക്കാരുമാണ്. 'കർഷക കുടുംബത്തിൽ ജനിച്ച് കർഷകനായി ജീവിക്കുന്ന തനിക്ക് ആ വിഷമങ്ങൾ മനസിലാകും' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ടി.വി. ബാബു മണ്ഡലത്തിലെ ജനങ്ങളുടെ നല്ലവാക്ക് നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനനേട്ടങ്ങളാണ് പ്രധാനമായും എൻ.ഡി.എ മുന്നോട്ടുവച്ചത്.