kda-kodakara-kottikalasam
കൊടകര ടൗണിൽ മൂന്നുമുന്നണികളും നടത്തിയ പ്രചാരണത്തിന്റെ കൊട്ടിക്കലാശം

കൊടകര: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ യു.ഡിഎഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ നേതൃത്വത്തിൽ കൊടകരയിൽ നടത്തിയ പ്രചാരണം കൊട്ടിക്കലാശത്തോടെ കൊടിയിറങ്ങി. കൊടകരയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പ്രവർത്തകർ നാലരയോടെ ടൗണിൽഎത്തി. അനൗൺസ്‌മെന്റ് വാഹനങ്ങൾക്കൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും താളമേളങ്ങളും വർണക്കുടകളും ബലൂണുകളും അരങ്ങുകളും കൊടികളും വീശി മുദ്രാവാക്യം വിളിച്ചും നൂറുകണക്കിന് പ്രവർത്തകർ തെരുവീഥിയിൽ നിറഞ്ഞാടി.

രണ്ടുമാസം നീണ്ട പ്രചാരണത്തിന്റെ ആവേശമായി കൊച്ചുകുട്ടികൾ മുതൽ വൃദ്ധൻമാർവരെ കൊട്ടികലാശത്തിനെത്തി. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാവിലെ മുതൽ മുന്നണി സ്ഥാനാർത്ഥികൾക്കുവേണ്ടി വോട്ടഭ്യർത്ഥിച്ച് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കാറുകളും ജീപ്പുകളും റോഡിൽ പ്രദക്ഷിണം വച്ചു. ഓട്ടംതുള്ളലും, മാപ്പിളപ്പാട്ടുകളും, ഒപ്പനപാട്ടുകളും, പഴയതും പുതിയതുമായ മലയാളം, തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങളുടെ പാരടിയുണ്ടാക്കി രാഷ്ട്രീയ പാർട്ടികൾ വോട്ടുതേടുന്നതും കാണാമായിരുന്നു. കമ്പിൽകെട്ടിയ കൊടികളും സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ഉയരത്തിലെത്തിക്കാൻ അണികളുടെ മത്സരമായിരുന്നു. ആവേശം മൂത്ത പാർട്ടി അണികളെ നേതാക്കന്മാരും പൊലീസും നിയന്ത്രിക്കാൻ പാടുപെട്ടു. കൃത്യം ആറിന് പൊലീസിന്റെ നിർദ്ദേശം പാലിച്ച് കലാശം കൊട്ടിയിറങ്ങി. കൊട്ടിക്കലാശത്തിനെത്തിയ പ്രവർത്തകർ റോഡ് കൈയ്യടക്കിയതോടെ ചെറിയതോതിൽ ഗതാഗത തടസവും ഉണ്ടായി. വോട്ടെടുപ്പിന് അവസാന നിമിഷത്തിലും കഴിയുന്നത്ര സ്ഥലങ്ങളിൽ നേരിട്ടെത്തി വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണി പ്രവർത്തകർ.