കൊടുങ്ങല്ലൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപനം കുറിച്ച് നടന്ന കലാശക്കൊട്ട് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കലാശക്കൊട്ട് ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സാഹചര്യമൊഴിവാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ക്രമീകരണങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു.
മുൻധാരണപ്രകാരം എൽ.ഡി.എഫിന് ലോകമലേശ്വരം വില്ലേജ് ഓഫീസ് മുതൽ ചന്തപ്പുര വരെയും യു.ഡി.എഫിന് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് മുൻവശത്തും എൻ.ഡി.എയ്ക്ക് തെക്കേനടയിലുമാണ് കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്നത്. 4 മുതൽ 5 വരെയാണ് സമയക്രമം നിശ്ചയിച്ചിരുന്നത്. ഇന്നലെ സമയക്രമം ആറുവരെ നീട്ടി.
ഇതോടെ എൽ.ഡി.എഫ് പ്രവർത്തകർ നാലരയോടെ വില്ലേജ് ഓഫീസ് പരിസരവും മറികടന്ന് വടക്കേനടയിൽ എത്താൻ ശ്രമം നടത്തി. ഇത് ചെറുക്കാൻ യു.ഡി.എഫ് പ്രവർത്തകർ തുനിഞ്ഞതോടെ സായുധ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് സംഘം ഇരു കൂട്ടർക്കുമിടയിൽ നിലകൊണ്ടു. ഇതിനിടെ പടിഞ്ഞാറെ നടവഴി വടക്കേനടയിലെത്തിയ ഒരു സംഘം എൽ.ഡി.എഫ് പ്രവർത്തകരുടെ വാഹനറാലി യു.ഡി.എഫ് പ്രവർത്തകർക്കിടയിലൂടെ വില്ലേജ് ഓഫീസ് പരിസരത്തേക്ക് നീങ്ങാൻ ശ്രമിച്ചു.
ഇവരെ ഏറെ പണിപ്പെട്ട് ഒരു വശത്ത് കൂടി വില്ലേജ് ഓഫീസ് പരിസരത്തേക്ക് കടത്തിവിടാൻ പൊലീസിനായെങ്കിലും ഇത് യു.ഡി.എഫ് പ്രവർത്തകരെ പ്രകോപിപ്പിച്ചു. ഇതോടെ യു.ഡി.എഫുകാരും എൽ.ഡി.എഫുകാർക്കിടയിലേക്ക് നീങ്ങാൻ ശ്രമിച്ചു.
പരസ്പരം പോർവിളിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയതോടെ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, അഡ്വ. സി.പി രമേശൻ തുടങ്ങിയവർ ചേർന്ന് എൽ.ഡി.എഫ് പ്രവർത്തകരെ നിയന്ത്രിച്ചു. എൽ.ഡി.എഫ് പ്രവർത്തകർക്കിടയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ സി.ഐ., കെ.ജി. അനീഷ് തടയാൻ ശ്രമിച്ചെങ്കിലും പ്രകോപിപ്പിച്ചതോടെ പൊലീസ് സംഘം മാറിനിന്നു. ഇതിനിടെ ഒരു വിഭാഗം എൽ.ഡി.എഫ് പ്രവർത്തകർ ബൈക്കുകളും പ്രചരണ വാഹനങ്ങളുമായി പടിഞ്ഞാറെ നട വഴി വീണ്ടും വടക്കേനടയിൽ എത്തിയത് സംഘർഷം ആവർത്തിക്കാനിടയാക്കി.
ഇവരെ യു.ഡി.എഫ് പ്രവർത്തകർ നിലകൊണ്ടിരുന്നതിന്റെ ഒരു വശത്തുകൂടി കടത്തിവിടാൻ ശ്രമിച്ചത് സംഘർഷം കനയ്ക്കാനിടയാക്കി. ഇതോടെ എൽ.ഡി.എഫ് സംഘത്തെ തിരിച്ചയയ്ക്കാൻ പൊലീസ് നിർബന്ധിതമായി. തെക്കേനടയിൽ ആണ് എൻ.ഡി.എയുടെ കലാശക്കൊട്ട് അരങ്ങേറിയത്. പാർട്ടി ചിഹ്നമായ താമരകൾ ആലേഖനം ചെയ്ത മുണ്ടുകളും സ്ഥാനാർത്ഥി രാധാകൃഷ്ണന്റെ ചിത്രം ആലേഖനം ചെയ്ത ഷർട്ടും ധരിച്ചാണ് എൻ.ഡി.എ പ്രവർത്തകർ എത്തിയത്. കലാശക്കൊട്ടിന് മുമ്പ് സായുധസേനാ അംഗങ്ങളുമായി പൊലീസിന്റെ റൂട്ട് മാർച്ച് നടന്നു. സി.ഐ. കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ സായുധ സേനാംഗങ്ങൾക്കൊപ്പം സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ വരെ ഇതിൽ അണിചേർന്നു.