കൊടുങ്ങല്ലൂർ: ആല ഗോതുരുത്ത് പാലം തകർന്നു വീണു. പാലം തകർന്നതിനെ തുടർന്ന് മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഗോതുരുത്തിലേക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നു പോകുന്നത് പഴയപാലം വഴിയായതിനാൽ ഇവിടേക്കുള്ള ജലവിതരണം തടസപ്പെട്ടു. കുടിവെള്ള വിതരണം അടിയന്തരമായി പുന:സ്ഥാപിക്കാൻ ഒരു ഇലക്ട്രിക് പോസ്റ്റ് താഴ്ത്തി, താത്കാലിക സംവിധാനമുണ്ടാക്കി. കേരളത്തിലെ ഏറ്റവും നീളമുള്ള നടപ്പാലങ്ങളിലൊന്നാണിത്. കൊടുങ്ങല്ലൂർ സ്വദേശിയായ അഡ്വ. കെ.ടി. അച്ചുതൻ മന്ത്രിയായിരിക്കെ നിർമ്മിച്ച ഈ കോൺക്രീറ്റ് പാലത്തിന് എഴുപത് വർഷത്തെ പഴക്കമുണ്ട്. ഗോതുരുത്ത് നിവാസികളുടെ ഏക യാത്രാമാർഗ്ഗമായിരുന്ന ഈ പാലം ശോച്യാവസ്ഥയിലാതോടെ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബിജു ഇറ്റിത്തറ ഉൾപ്പെടെയുള്ളവരുടെ നിരാഹാര സമരമടക്കം നാട്ടുകാർ നടത്തിയ നിരന്തര സമരത്തിനൊടുവിൽ നാല് വർഷം മുമ്പ് പുതിയ പാലം നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. നിലവിൽ കൃഷിമന്ത്രിയായ അഡ്വ. വി.എസ്. സുനിൽകുമാർ കയ്പമംഗലം എം.എൽ.എ ആയിരിക്കെ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പുതിയ പാലം യാഥാർത്ഥ്യമായത്.
പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നില കൊള്ളുന്നത്. പുതിയ സാഹചര്യത്തിൽ ഗോതുരുത്തിലേക്കുള്ള കുടിവെള്ള വിതരണ സംവിധാനത്തിനായി എം.പി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള ഒമ്പത് ലക്ഷം രൂപ വിനിയോഗിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പഞ്ചായത്തംഗം ലക്ഷ്മീ മഞ്ജുലാൽ ആവശ്യപ്പെട്ടു.