കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യ മുസ്ളീം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് നില കൊള്ളുന്ന മഹല്ലിന്റെ പ്രസിഡന്റ് ബി.ജെ.പിയിൽ ചേർന്നു എന്ന കളവായ വാർത്ത സൃഷ്ടിച്ച് ഫേസ് ബുക്കിൽ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മഹല്ല് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. മതസൗഹാർദ്ദ സന്ദേശത്തിന് മാതൃകയായ മസ്ജിദിനെയും അതിന് നേതൃത്വം നൽകുന്നവരെയും ബോധപൂർവം അപഹസിക്കാനുള്ള വില കുറഞ്ഞ രാഷ്ട്രീയമാണ് തെളിയുന്നതെന്ന് മഹല്ല് കമ്മിറ്റി കുറ്റപ്പെടുത്തി. രാജ്യത്ത് വർഗീയ ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്നും അകറ്റി നിറുത്താനും മതേതര ജനാധിപത്യ ഇന്ത്യ പടുത്തുയർത്താനുമുള്ള ചേരമാൻ ജുമാ മസ്ജിദിന്റെ ചരിത്രപരവും നേതൃപരവുമായ പങ്കിനെ അവമതിക്കലാണ് ഇതിലെ ഗൂഢലക്ഷ്യമെന്നും മഹല്ല് കമ്മറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന പൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി സമർപ്പിക്കുമെന്ന് മഹല്ല് സെക്രട്ടറി എസ്.എ അബ്ദുൽ കയ്യൂം അറിയിച്ചു...