തൃശൂർ: നിശബ്ദ പ്രചാരണദിവസമായ ഇന്നലെയും സ്ഥാനാർത്ഥികൾക്ക് വിശ്രമമില്ല. അവസാനവോട്ടും ഉറപ്പിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു ഓരോരുത്തരും. ഓരോ ബൂത്തിലും പ്രത്യേക സ്‌ക്വാഡുകളായി പ്രവർത്തകർ ഇറങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ഏഴ് മണ്ഡലങ്ങളിലും എത്തി പ്രവർത്തകരും നേതാക്കളുമായി ചർച്ച നടത്തി.

പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂർ കുന്നിലെ പട്ടികവർഗ്ഗ കോളനിയിൽ നിന്നായിരുന്നു തുടക്കം. ഡി.സി.സി ജനറൽ സെക്രട്ടറി സനീഷ്‌ കുമാറും ഒപ്പമുണ്ടായിരുന്നു. തുടർന്ന് പുതുക്കാട്, വല്ലച്ചിറ, നെടുപുഴ, കൂർക്കഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെത്തി വിട്ടുപോയ വ്യക്തികളെയും സ്ഥാപനങ്ങളിലും എത്തി വോട്ടഭ്യർത്ഥന നടത്തി. പറവട്ടാനി, അരിമ്പൂർ, മണലൂർ, മുല്ലശ്ശേരി, പാങ്ങ്, തൃപ്രയാർ എന്നിവിടങ്ങളിൽ സന്ദർശിച്ച് രാത്രി താന്ന്യം പള്ളിയിൽ പര്യടനം അവസാനിപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി, രാജാജി മാത്യു തോമസ് തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടത്തിയത്. മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, അഡ്വ.കെ. രാജൻഎം.എൽ.എ എന്നിവർക്കൊപ്പം കുട്ടനെല്ലൂർ ഹിൽ ഗാർഡൻസ് കോളനിയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് നെല്ലിക്കുന്ന് മഠവും, കാച്ചേരി കോളനിയും, നെല്ലിക്കുന്നത്തെ രവിവർമ്മ മന്ദിരവും സന്ദർശിച്ചു. തൃശൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി ഘടകകക്ഷി നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി.
എൻ.ഡി.എ സ്ഥാനാർത്ഥി നടൻ സുരേഷ്‌ ഗോപി രാവിലെ നടൻ മോഹൻലാലിനെ സന്ദർശിക്കാൻ എറണാകുളത്ത് എളമക്കരയിലുള്ള ലാലിന്റെ വസതിയിലെത്തി. തുടർന്ന് തൃശൂരിൽ തിരിച്ചെത്തിയ അദ്ദേഹം ഒല്ലൂർ തൈക്കാട്ടുശേരി മൂസതിന്റെ വീട്ടിൽ കുടംബസേമതം എത്തി. അവിടെയായിരുന്നു ഉച്ചഭക്ഷണം. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്തി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഉല്ലാസ് ബാബു, പി. ഗോപിനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു...