തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ടിനിടെ ഒരു വിഭാഗത്തിന്റെ കല്ലേറിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആലത്തൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആശുപത്രി വിട്ടു. കഴുത്തിന് സാരമായ പരിക്കുണ്ടെങ്കിലും ഇന്നലെ വൈകീട്ട് വിടുതൽ വാങ്ങുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് രമ്യയ്ക്ക് വോട്ട്. ഇന്ന് അവിടെ വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിൽ തിരിച്ചെത്തും.

കഴിഞ്ഞ ദിവസം ആലത്തൂരിൽ വെച്ചാണ് രമ്യയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. പ്രചാരണം തീർന്ന് മടങ്ങുകയായിരുന്ന യു.ഡി.എഫ് സംഘത്തിന് നേരെ ഇടത് മുന്നണി പ്രവർത്തകർ സംഘടിതമായി കല്ലെറിയുകയായിരുന്നു എന്നാണ് യു.ഡി.എഫ് ആരോപണം. ആക്രമണം നടന്നപ്പോൾ പൊലീസ് നിസംഗത പാലിച്ചെന്ന പരാതിയും ഉയർന്നു.

അനിൽ അക്കര എം.എൽ.എയ്ക്കും പരിക്കേറ്റിരുന്നു. ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രമ്യയെയും, അനിൽ അക്കരയെയും രാത്രിയിലാണ് മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അനിൽ അക്കര എം.എൽ.എയും ആശുപത്രി വിട്ടു. രമ്യയെ പി.ടി. തോമസ് എം.എൽ.എ, മുൻ എം.എൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ, ഡി.സി.സി നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത് കുമാർ, ജിജോ കുരിയൻ എന്നിവർ സന്ദർശിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി...