തൃശൂർ: ചൂണ്ടുവിരലിലെ മഷിയടയാളം വോട്ടു ചെയ്തതിന്റെ തെളിവായി മാറിയതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. 1962 മുതലാണ് സമ്പ്രദായം ആരംഭിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന സമയത്ത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു കള്ളവോട്ടുകൾ. ഒരാൾക്ക് ഒന്നിലധികം വോട്ട് ചെയ്യാൻ അനുകൂലമായ സാഹചര്യമായിരുന്നു അന്ന് നിലനിന്നിരുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിൽ ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറി ഒരു പ്രത്യേക തരം മഷി വികസിപ്പിച്ചെടുത്തു. വോട്ട് ചെയ്യുന്നതിനു മുമ്പ് സമ്മതിദായകന്റെ കൈവിരലിൽ ഈ മഷി പുരട്ടിയാൽ ദിവസങ്ങളോളം മായാതെ കിടക്കും. ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയാം. 1962ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് വോട്ടിംഗ് മഷിയുടെ ആദ്യ ഉപയോഗം.
കർണാടക സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മൈസൂർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് മാത്രമാണ് മഷി നിർമ്മിക്കാനുള്ള അനുമതിയുള്ളത്. ഇതിന് അനുമതി ലഭിച്ച ഏക സ്ഥാപനമാണിത്. മറ്റു രാജ്യങ്ങളും കമ്പനിയിൽ നിന്ന് മഷി വാങ്ങുന്നുണ്ട്.
ഉപയോഗം
സമ്മതിദായകന്റെ ഇടത് ചൂണ്ടുവിരലിലെ നഖത്തിന്റെ മുകൾ ഭാഗം മുതൽ വിരലിന്റെ ആദ്യ മടക്കു വരെയാണ് മഷി പുരട്ടുക. ചൂണ്ടുവിരൽ ഇല്ലാത്ത പക്ഷം ഇടതു കൈയിലെ ഏതെങ്കിലും വിരലിൽ മഷിയടയാളം പതിക്കും. ഇടതു കൈയില്ലെങ്കിൽ വലതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും. രണ്ടു കൈയിലും വിരലുകൾ ഇല്ലെങ്കിൽ ഇടതു കൈയുടെയോ വലതു കൈയുടെയോ താഴെയുള്ള ഭാഗത്ത് മഷി പുരട്ടും. പണ്ട് നഖവും തൊലിയും ചേരുന്ന ഭാഗത്തായിരുന്നു മഷി പുരട്ടിയിരുന്നത്. 2006 മുതലാണ് ഈ രീതിക്കു മാറ്റം വന്നത്. വിരലിൽ പുരട്ടിയ ശേഷം പത്തോ പതിനഞ്ചോ സെക്കൻഡുകൾക്കുള്ളിൽ തന്നെ മഷി ഉണങ്ങും. മഷിക്ക് സാധാരണയായി വയലറ്റു നിറമാണ്. എന്നാൽ ഉണങ്ങിക്കഴിഞ്ഞാൽ കറുപ്പോ തവിട്ടോ നിറമാകും.