തൃശൂർ: ഇന്ന് വോട്ടെടുപ്പ് തീരും വരെ സ്ഥാനാർത്ഥികളേക്കാളും പാർട്ടികളേക്കാളും നെഞ്ചിനുള്ളിൽ തീയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്. മറ്റാരുമല്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. വോട്ടെടുപ്പ് തീരും വരെ മുൾമുനയിലാണ് അവർ. പോളിംഗ് സ്റ്റേഷനായി സജ്ജമാക്കിയ സ്‌കൂളിലോ, അങ്കണവാടിയിലോ ഇന്നലെ തന്നെ എത്തിയ ഉദ്യോഗസ്ഥർ അന്തിയുറങ്ങിയതും അവിടെയാണ്. ഇന്ന് അതിരാവിലെ തന്നെ ഉണരണം.
രാവിലെ ആറു മുതൽ മോക് പോളിംഗ്. 50 വോട്ടെങ്കിലും ഇലക്‌ട്രോണിക് മെഷീനിൽ നടത്തി നോക്കി കൃത്യത ഉറപ്പാക്കണം. ഇന്നലെ വിതരണ കേന്ദ്രത്തിലെത്തി പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയത് മുതൽ ഇന്ന് വോട്ടെടുപ്പ് പൂർത്തിയാക്കി രേഖകളെല്ലാം സീൽ ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷനെ ഏല്പിക്കുന്നതു വരെ ഇവർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പൂർണ നിയന്ത്രണത്തിലാണ്. ഇതിലെങ്ങാനും ഒരു പിഴവുണ്ടായാൽ രാഷ്ട്രീയ പാർട്ടികളുടെ മാത്രമല്ല, വോട്ടർമാരുടെയും പഴി കേൾക്കേണ്ടത് ഉദ്യോഗസ്ഥരാണ്.
ഓരോ പോളിംഗ് കേന്ദ്രത്തിലും വോട്ടർമാരുടെ കൈയിൽ പുരട്ടാൻ രണ്ട് കുപ്പി മഷിയാണ് നൽകുന്നത്. വോട്ടിംഗ്, വിവി പാറ്റ് യന്ത്രങ്ങളടക്കം 92 ഉപകരണങ്ങളാണ് ഓരോ കേന്ദ്രത്തിലും ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ടത്. വോട്ടർ പട്ടിക, വോട്ടേഴ്‌സ് സ്ലിപ്, വിവിധ നിറത്തിലുള്ള കവറുകൾ, പെൻസിൽ, റബർബാൻഡ്, സെല്ലോടേപ്പ്, പശ, സ്‌കെയിൽ തുടങ്ങി മഷി മറിഞ്ഞാൽ തുടയ്ക്കാനുള്ള പഞ്ഞി വരെ കൈപ്പറ്റിയിട്ടാണ് ഉദ്യോഗസ്ഥർ ഇന്ന് വോട്ടിംഗ് കേന്ദ്രത്തിലെത്തുന്നത്.
ഇന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ വോട്ടെടുപ്പ് നടത്താൻ പാടുള്ളൂ. വോട്ടെടുപ്പ് കഴിഞ്ഞാൽ ചട്ടപ്രകാരം എല്ലാം തരം തിരിച്ച് പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ അതേ കേന്ദ്രത്തിൽ തിരിച്ചെത്തിക്കണം. അതിന് ശേഷമേ ഉദ്യോഗസ്ഥരുടെ ശ്വാസം നേരെ വീഴൂ...