തൃശൂർ: പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണവും വെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നട്ടം തിരിഞ്ഞു. തൃശൂർ ജില്ലയിലെ തൃശൂർ, നാട്ടിക, ഒല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ മണ്ഡലത്തിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലാണ് ഉദ്യോഗസ്ഥർക്ക് ദുരനുഭവം ഉണ്ടായത്. കടുത്ത പ്രതിഷേധം ഉദ്യോഗസ്ഥർ പരസ്യമായി രേഖപ്പെടുത്തി. അയ്യായിരത്തോളം ഉദ്യോഗസ്ഥരാണ് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങാൻ ഇന്നലെ രാവിലെ ആറോടെ ഇവിടെ എത്തിയത്. കോളേജ് കാന്റീനിൽ മിതമായ നിരക്കിൽ ഭക്ഷണം നൽകുന്നുണ്ടെങ്കിലും കാന്റീൻ ജീവനക്കാർ കുറവായിരുന്നതും ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലായതും മൂലം ഭക്ഷണ വിതരണം കാര്യക്ഷമമായില്ല. അമ്പതും അറുപതും കിലോമീറ്റർ അകലെയുള്ള ബൂത്തുകളിലേക്ക് പോയി സജ്ജീകരണങ്ങളൊരുക്കേണ്ടവർ അതിരാവിലെ തന്നെ എത്തിയിരുന്നുവെങ്കിലും അവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ല. പലരോടും പരാതിപ്പെട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. പലരും വീടുകളിലേക്ക് ഫോൺ ചെയ്ത് പറഞ്ഞ് വെള്ളവും ഭക്ഷണവും എത്തിക്കുകയായിരുന്നു. സമീപത്തെ കടകളിലും ഹോട്ടലുകളിലും ഭക്ഷണവും വെള്ളവും തേടിച്ചെന്നവരും ഏറെയാണ്...