അന്തിക്കാട്: കല്ലിട വഴിയിൽ വെളക്കേത്ത് മധുവിന്റെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ പതിനേഴ് വയസുള്ള രണ്ട് പേരുൾപ്പെടെ അഞ്ച് പ്രതികളെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. താന്ന്യം സ്വദേശി തച്ചപ്പിള്ളി വീട്ടിൽ അക്കു എന്ന് വിളിക്കുന്ന അഖിൽ (18), പോഴത്ത് വീട്ടിൽ ചക്കര എന്ന് വിളിക്കുന്ന സനീഷ് (18), പെരിങ്ങോട്ടുകര സ്വദേശി കോലാട്ട് വീട്ടിൽ അഭിൽ (18), പെരിങ്ങോട്ടുകര, അന്തിക്കാട് സ്വദേശികളായ പതിനേഴ് വയസുള്ള രണ്ട് പേർ ഉൾപ്പെടെ അഞ്ച് പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ വിഷു തലേന്നാണ് കേസിനാസ്പദമായ സംഭവം.

മധുവിന്റെ മകൻ അരുൺ കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ പ്രതികൾ അശ്രദ്ധമായി ബൈക്കോടിച്ച് കാറിൽ ഇടിക്കാൻ ചെന്നതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതരായിട്ടാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. അന്തിക്കാട് എസ്.എച്ച്.ഒ മുഹമ്മദ് ഹനീഫ, എസ്.ഐ: സംഗീത് പുനത്തിൽ, സിവിൽ പൊലീസ് ഓഫീസർമാരായ ഷറഫുദ്ദീൻ കെ.എസ്, ഷിഹാബ് എം.എ, റഷീദ് കെ.എസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്...