കയ്പ്പമംഗലം: ദേശീയ പാതയിലെ കുഴി അപകട പരമ്പരയാകുന്നു. ദേശീയ പാത 66 കാളമുറി കനറാ ബാങ്കിന് മുൻവശത്തുള്ള റോഡിലെ കുഴിയിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നത്. ഇന്നലെ രാത്രിയിൽ കുഴിയിൽ വീണ് രണ്ട് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്കേറ്റു. ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശി ചാലിയിൽ ഷിഹാസ് (29), കൂടെ യാത്ര ചെയ്തിരുന്ന നാട്ടിക സ്വദേശി മണക്കാട്ടിൽ സനോജ് (32) എന്നിവർക്കാണ് കുഴിയിൽ വീണ് കൈക്കും കാലിനും പരിക്കേറ്റത്. ഈ ആഴ്ചയിൽ തന്നെ നിരവധി അപകടങ്ങളാണ് കുഴിയിൽ വീണ് സംഭവിച്ചത്. മാസങ്ങളായി രൂപപ്പെട്ട വലിയ കുഴിയാണ് അപകട ഭീഷണിയാകുന്നത്. ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നുമുണ്ട്. നാട്ടുകാരും സന്നദ്ധ സംഘടനകളും, കൂടാതെ ദേശീയപാത അധികൃതരും നിരവധി തവണ കുഴി അടച്ചിട്ടുണ്ടെങ്കിലും ഒന്ന് രണ്ടു ദിവസം കഴിയുമ്പോൾ കുഴി വീണ്ടും പഴയ രൂപത്തിലാകുകയാണ് ചെയ്യുന്നത്. രാത്രിയാകുമ്പോഴാണ് അപകടങ്ങൾ കൂടുന്നത്.