തൃശൂർ: തിരഞ്ഞെടുപ്പിൽ തൃശൂരിലെ ഭൂരിഭാഗം ചലച്ചിത്രതാരങ്ങളും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തുമെങ്കിലും ചിലർ വോട്ട് ചെയ്യാൻ കഴിയാത്തവരുമുണ്ട്. നടി മഞ്ജുവാര്യർ പുള്ള് എ.എൽ.പി സ്‌കൂളിലും സംഗീത നാടക അക്കാഡമി പ്രസിഡന്റും നടിയുമായ കെ.പി.എ.സി ലളിത വടക്കാഞ്ചേരി എങ്കക്കാട് സ്‌കൂളിലും നടി രചന നാരായണൻകുട്ടി പാർളിക്കാട് ഗവ. യു.പി സ്‌കൂളിലും വോട്ട് ചെയ്യും. നടൻ ബിജു മേനോൻ ഷൂട്ടിംഗ് തിരക്കിലായതിനാലും, നടി ഭാവന ബംഗളൂരുവിലായതിനാലും വോട്ട് ചെയ്യാനെത്തുന്നില്ല.
ബിജുമേനോന്റെ ഭാര്യയും നടിയുമായ സംയുക്താ വർമ്മയും വോട്ട് ചെയ്യാനെത്തില്ല. സുരേഷ് ഗോപിയെ പിന്തുണച്ചതിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ബിജുമേനോൻ ഏറെ വിമർശനം നേരിട്ടിരുന്നു. സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാട് ഗവ.എൽ.പി സ്‌കൂളിലും കലാമണ്ഡലം ഗോപി മുണ്ടൂർ സൽസബീൽ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ തൃശൂർ മാർ അപ്രേം പള്ളി ബൂത്തിലും വോട്ടു ചെയ്യും. കൽദായ ആർച്ച് ബിഷപ് ഡോ. മാർ അപ്രേം തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിലും മലങ്കര ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപൊലീത്ത മണ്ണുത്തി വെറ്ററിനറി കോളേജിലും വോട്ട് ചെയ്യും. സി.എൻ ജയദേവൻ എം.പി മണലൂർ സെന്റ് തെരേസാസ് യു.പി സ്‌കൂളിലും കെ.പി രാജേന്ദ്രൻ പൂങ്കുന്നം ഗവ. ഹൈസ്‌കൂളിലും വോട്ട്‌ചെയ്യും.
സ്ഥാനാർത്ഥി വോട്ട് ഇങ്ങനെ
യു.ഡി.എഫ്
(തൃശൂർ ) ടി.എൻ പ്രതാപന് തളിക്കുളം അങ്കണവാടിയിൽ
(ആലത്തൂർ) രമ്യ ഹരിദാസിന് കോഴിക്കോട് പെരുന്ന കുറ്റിക്കാട് എഡബ്ല്യുഎസ് കോളേജിൽ
(ചാലക്കുടി) ബെന്നി ബഹന്നാന് തൃക്കാക്കര ഭാരതമാതാ കോളേജിൽ
എൽ.ഡി.എഫ്
(തൃശൂർ) രാജാജി മാത്യു തോമസിന് കണ്ണാറ എ.യു.പി സ്‌കൂളിൽ
(ആലത്തൂർ) പി.കെ ബിജുവിന് കോട്ടയം മാന്നൂർ എസ്.എൻ വിലാസം എൽ.പി സ്‌കൂളിൽ
(ചാലക്കുടി) ഇന്നസെന്റിന് ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്‌കൂളിൽ
എൻ.ഡി.എ
(തൃശൂർ) സുരേഷ് ഗോപിക്ക് തിരുവനന്തപുരം ശാസ്താമംഗലം രാജാകേശവദാസ് എൻ.എസ്.എസ് ഹൈസ്‌കൂളിൽ
(ആലത്തൂർ) ടി.വി ബാബുവിന് ചാഴൂർ പഴുവിൽ സെന്റ് ആന്റണീസ് സ്‌കൂളിൽ
(ചാലക്കുടി) എ.എൻ രാധാകൃഷ്ണന് എറണാകുളം ചേരാനെല്ലൂർ അൽഹുർക്കി എൻ.എസ്.എസിൽ