തൃശൂർ: പോളിംഗ് സാമഗ്രികൾ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും എത്തിച്ചെന്ന് ഉറപ്പാക്കി കനത്ത സുരക്ഷയൊരുക്കി പൊലീസ്. രാവിലെ ഏഴ് മുതൽ ആരംഭിക്കുന്ന വോട്ടെടുപ്പിനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറായി. ഡ്യൂട്ടിക്കായി നിയോഗിച്ചവരുടെ വിവരങ്ങളെല്ലാം സ്‌പെഷൽ ബ്രാഞ്ച് പരിശോധിച്ച് ഉറപ്പ് വരുത്തി. പ്രശ്‌നബാധിത ബൂത്തുകളിൽ സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര നേരിട്ടെത്തി പരിശോധിച്ചു. കുന്നംകുളം, വടക്കാഞ്ചേരി, ചാവക്കാട് മേഖലകളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി
പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് 100 മീറ്റർ അകലെ മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് സ്ലിപ്പ് വിതരണ കൗണ്ടറുകളിടാൻ അനുവാദമുള്ളത്. കൗണ്ടറുകൾക്കടുത്ത് സഹായിക്കാനായി രണ്ട് പേരെ നിയോഗിക്കാൻ മാത്രമാണ് അനുവാദമുള്ളത്. പോളിംഗ് ബൂത്തുകൾക്കടുത്ത് കൂട്ടം കൂടി നിൽക്കുന്നത് പൊലീസ് നിരോധിച്ചു. റോന്ത് ചുറ്റുന്ന പൊലീസ് അനാവശ്യമായി പരിസരങ്ങളിൽ കൂട്ടം കൂടി നിന്ന് പ്രശ്‌നമുണ്ടാക്കുന്നവരുടെ വീഡിയോ എടുക്കും. നിയമവിധേയമായ നടപടിയെടുക്കും. വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് നിറുത്തിയ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണ പരിപാടികൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കാൻ കമ്മിഷണർ എല്ലാ ഓഫീസർമാർക്കും നിർദ്ദേശം നൽകി. വോട്ട് ചെയ്താലുടൻ പോളിംഗ് ബൂത്തുകളുടെ പരിസരത്ത് നിന്നും നിർദ്ദിഷ്ട പോളിംഗ് ഏജന്റുമാരെ ഒഴിച്ച് എല്ലാവരെയും മാറ്റും.