ഇലക് ഷൻ യൂണിഫോം
തൃശൂർ: വടക്കാഞ്ചേരി കാഞ്ഞിരക്കോട് ബി.എം.പി. എൽ.പി. വിദ്യാലയത്തിൽ വോട്ടുചെയ്യാനെത്തിയ ചെറുപ്പക്കാരെ എല്ലാവരും കൗതുകത്തോടെ നോക്കി. ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കുമെന്നപോലെ ഒരു കൂട്ടം യുവാക്കൾ നീലഷർട്ടും വെളുത്ത മുണ്ടും ധരിച്ചെത്തിയിരിക്കുന്നു. എന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ, മറുപടി:
''കൊടുമ്പുകാവ് അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് വാങ്ങിയതാണ്. ഇനി ഈ 'ഉത്സവത്തിനും' ആ യൂണിഫോം ആയിക്കോട്ടെ എന്നു വിചാരിച്ചു, എങ്ങനേണ്ട് ?''
പൊള്ളുന്ന നട്ടുച്ചവെയിലിൽ കുണ്ടുകാട് അമ്പലപ്പാട് എയ്ഡഡ് അപ്പർ ആൻഡ് ലോവർ പ്രൈമറി സ്കൂളിന് മുന്നിലും ചെറുപ്പക്കാരുടെ കൂട്ടം. വെളുത്ത ഷർട്ടും ചുവന്ന മുണ്ടുമുടുത്ത് അവരും വോട്ടെടുപ്പ് ഉത്സവമാക്കാനെത്തിയിരിക്കുകയാണ്. ഇവിടെയും ഉത്സവമുണ്ടോ എന്ന ചോദ്യത്തിന് അവർ പറഞ്ഞു:
'' ഏയ്, ഇത് തന്നെ ഉത്സവം. എല്ലാവരും ഒരു വെറൈറ്റിക്കായി ഒരേ വേഷമാക്കിയെന്നു മാത്രം...'' കന്നിവോട്ടർമാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെ നയിക്കാനും നിയന്ത്രിക്കാനും മുതിർന്ന നേതാക്കളുമുണ്ട് കൂടെ. മറ്റ് ബൂത്തുകളിലും ന്യൂജെൻ വോട്ടർമാർ പുതുപുത്തൻ സ്റ്റൈലിൽ തന്നെയാണ് വോട്ട് ചെയ്യാനെത്തിയത്.
സീനിയർ വോട്ട്
രാവിലെ മുതൽ ബൂത്തുകളിലേക്ക് സീനിയർ സിറ്റിസൻമാരുടെ ഒഴുക്കായിരുന്നു. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയുടെ തണുപ്പിൽ രാവിലെ ഏഴിന് തന്നെ വയോധികർ മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ബൂത്തുകളിലെത്തി. വെയിൽ മൂക്കും മുമ്പേ അവരെ വീട്ടിലെത്തിക്കുകയും ചെയ്തു. പിന്നീട് വൈകിട്ട് മൂന്നിന് ശേഷം വെയിൽ മങ്ങിയ ശേഷമായിരുന്നു പ്രായം ചെന്നവർ ഏറെയും ബൂത്തിലെത്തിയത്.
88 ന്റെ ആവേശം
88 വയസ് അമ്പലപ്പാട് പോട്ടോക്കാരൻ നാരായണിക്ക് ഒരു വയസേ ആയി തോന്നിയില്ല. ആവേശത്തോടെ ഓട്ടോയിൽ നിന്ന് ഇറങ്ങി മകന്റെ കൈപിടിച്ച് അവർ ബൂത്തിലെത്തി വോട്ടുചെയ്ത് മടങ്ങുമ്പോൾ മൊബൈലിൽ ഫാേട്ടോ എടുക്കുന്നവർക്ക് മുന്നിൽ കൃത്യമായി മഷിപുരണ്ട വിരൽ ഉയർത്തിപ്പിടിക്കാനും മറന്നില്ല. കുണ്ടുകാട് അമ്പലപ്പാട് എയ്ഡഡ് അപ്പർ ആൻഡ് ലോവർ പ്രൈമറി സ്കൂളിൽ നിന്ന് നിറഞ്ഞ ചിരിയോടെയും സംതൃപ്തിയോടെയും മടങ്ങുമ്പോൾ കന്നിവോട്ടർമാരായ പെൺകുട്ടികൾ നാരായണി മുത്തശിക്ക് ഹസ്തദാനം ചെയ്യാനും മറന്നില്ല. അവരിൽ ചിലർ കവിളിൽത്തലോടി മുത്തശ്ശിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
കേച്ചേരി പട്ടിക്കരയിലെ മൊയ്തു മെമ്മോറിയൽ എൽ.പി. സ്കൂളിലെ ബൂത്തിലെ സീനിയേഴ്സിൽ കാദറും സുലൈഖയുമുണ്ടായിരുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ ഏറെയുണ്ടായിരുന്ന അവരെ വാഹനത്തിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ബൂത്തിലെത്തിച്ചത്. ഇരിക്കാൻ പോലും വയ്യെങ്കിലും പെട്ടെന്ന് വോട്ട് ചെയ്ത് മടങ്ങാൻ അവരെ പോളിംഗ് ഉദ്യോഗസ്ഥരും സഹായിച്ചു. മച്ചാട് വി.എൻ.എം.എം. ഗവ. എച്ച്.എസ്.എസിൽ ഉച്ചനേരത്ത് വോട്ടു ചെയ്യാനെത്തിയവർ വളരെക്കുറച്ച് മാത്രം. പിന്നീട് തിരക്കേറി. പൊങ്ങണംകാട് സെന്റ് എലിസബത്ത് ഇംഗ്ളീഷ് മീഡിയം സ്കൂളിലും സ്ഥിതി മറിച്ചായിരുന്നില്ല...