തൃശൂർ: ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെ പരിക്കേറ്റ് കഴുത്തിൽ കോളർ ധരിച്ച് അൽപ്പം വേദനയോടെയാണ് എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തുകളിലെ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസ് എത്തിയതെങ്കിലും വിജയ പ്രതീക്ഷകളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ വേദന മറന്നു. " രാവിലെ കടവല്ലൂർ, കുന്നംകുളം എന്നിവിടങ്ങളിലെ ബൂത്തുകളിലെ സന്ദർശനം കഴിഞ്ഞാണ് എരുമപ്പെട്ടിയിലെത്തിയത്. നല്ല ആത്മവിശ്വാസമുണ്ട്. ഇനി വൈകിട്ട് ചിറ്റൂർ വരെ ഓടിയെത്തണം. അഞ്ച് ദിവസം കോളർ ധരിക്കണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. കുറച്ച് ദിവസം വിശ്രമം വേണമെന്ന് പറഞ്ഞു. അതൊന്നും ചെവി കൊള്ളാതെയാണ് ബൂത്തുകളിലേക്ക് ഓടിയെത്തിയത്. '' എല്ലാ ബൂത്തുകളിലും ചെന്ന് പോളിംഗ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ വിശദമായി തിരക്കിയാണ് രമ്യ മടങ്ങിയത്. ജീപ്പിൽ കയറുമ്പോൾ കൈപിടിക്കാനും അഭിവാദനം ചെയ്യാനും പെൺകുട്ടികളും സ്ത്രീകളും മുന്നോട്ടുവന്നു. എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് അടുത്ത ബൂത്തിലേക്ക്.