തൃശൂർ: മന്ത്രിമാരും സ്ഥാനാർത്ഥികളും രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥികളായ ടി.എൻ പ്രതാപൻ (തൃശൂർ) തളിക്കുളം അങ്കണവാടിയിലും രമ്യ ഹരിദാസിന് (ആലത്തൂർ) കോഴിക്കോട് പെരുന്ന കുറ്റിക്കാട് എഡബ്ല്യുഎസ് കോളേജിലും ബെന്നി ബഹന്നാന് (ചാലക്കുടി) തൃക്കാക്കര ഭാരതമാതാ കോളേജിലുമായിരുന്നു വോട്ട്. പ്രതാപൻ, ഭാര്യ രമ, മക്കളായ ആഷിഖ്, ആൻസി എന്നിവർക്കൊപ്പമാണ് വോട്ടു ചെയ്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ രാജാജി മാത്യു തോമസ് (തൃശൂർ), കണ്ണാറ എ.യു.പി സ്‌കൂളിലും പി.കെ ബിജു (ആലത്തൂർ), കോട്ടയം മാന്നൂർ എസ്.എൻ വിലാസം എൽ.പി സ്‌കൂളിലും

ഇന്നസെന്റ് (ചാലക്കുടി) ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്‌കൂളിലും വോട്ടു ചെയ്തു.

രാജാജി മാത്യു തോമസ്, ഭാര്യ ശാന്ത, മകൾ ഡൂണ എന്നിവർക്കൊപ്പമാണ് വോട്ടു ചെയ്യാനെത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥികളായ സുരേഷ് ഗോപി (തൃശൂർ), തിരുവനന്തപുരം ശാസ്താമംഗലം രാജാകേശവദാസ് എൻ.എസ്.എസ് ഹൈസ്‌കൂളിലും ടി.വി ബാബു (ആലത്തൂർ), ചാഴൂർ പഴുവിൽ സെന്റ് ആന്റണീസ് സ്‌കൂളിലും എ.എൻ രാധാകൃഷ്ണൻ (ചാലക്കുടി) എറണാകുളം ചേരാനെല്ലൂർ അൽഹുർക്കി എൻ.എസ്.എസിലും വോട്ട് ചെയ്തു.

മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ് തൃശൂർ കേരളവർമ്മ കോളേജിലും വി.എസ്. സുനിൽ കുമാർ മാങ്ങാട്ടുകര മാടമ്പത്ത് എൽ.പി സ്‌കൂളിലും എ.സി. മൊയ്തീൻ തെക്കുംകര പനങ്ങാട്ടുകര എം.എൻ.ഡി എൽ.പി. സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. കണിമംഗലം എസ്.എൻ. സ്‌കൂളിലായിരുന്നു മേയർ അജിതാ വിജയന് വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം സ്ഥാനാർത്ഥികളെല്ലാം മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിച്ചു.