തൃശൂർ: ജില്ലയിൽ വിവിധയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് മെഷീനുകളിലും ഉണ്ടായ തകരാറിനെ തുടർന്ന് പല ബൂത്തുകളിലും പോളിംഗ് മണിക്കൂറുകൾ വൈകി. നാട്ടിക എസ്.എൻ കോളേജിലെ ഒന്ന്, കൊടുങ്ങല്ലൂരിൽ രണ്ട്, ചാവക്കാട് മേഖലയിൽ അഞ്ച്, ചേർപ്പിൽ മൂന്ന്, മാള മേഖലയിൽ ഒന്ന്, എരുമപ്പെട്ടി മേഖലയിൽ എട്ട്, കയ്പമംഗലം മേഖലയിൽ എട്ട്, ചാലക്കുടിയിൽ ഏഴ് ഇടങ്ങളിലും ഇതു മൂലം പോളിംഗ് തടസപ്പെട്ടു.
മാള പാലിശേരി സ്‌കൂളിലെ 156 ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. വോട്ടിംഗ് ആരംഭിച്ച് ഒരു മണിക്കൂർ കഴിഞ്ഞാണ് യന്ത്രം തകരാറിലായത്. കയ്പ്പമംഗലം പുതിയകാവ് യു.പി സ്‌കൂൾ, പെരിഞ്ഞനം വെസ്റ്റ് എൽ.പി സ്‌കൂൾ, എടത്തിരുത്തി കുട്ടമംഗലം എൽ.പി സ്‌കൂൾ, ചളിങ്ങാട് ഹിദായത്തുൽ മദ്രസ, കാര ഫിഷറീസ്, ഓണച്ചമ്മാവ്, അയ്യപ്പൻകാവ് എഫ്.ആർ.യു.പി സ്‌കൂൾ, പൊക്‌ളായിക്ക് വടക്ക് ഭാഗത്തെ മണ്ടത്ര സ്‌കൂൾ തുടങ്ങിയ ഇടങ്ങളിലാണ് യന്ത്രത്തകരാറിനാൽ വോട്ടിംഗ് അരമണിക്കൂർ വൈകിയത്. കയ്പ്പമംഗലം കമ്മ്യൂണിറ്റി ഹാളിൽ വൈകീട്ട് 5ന് ശേഷം സ്ലിപ്പ് കഴിഞ്ഞത് പോളിംഗ് 20 മിനുട്ടോളം നിറുത്തിവയ്ക്കാനിടയാക്കി. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പുല്ലൂറ്റ് ഐ.ടി.ഐ, ലോകമലേശ്വരം ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ എന്നിവിടങ്ങളിലും യന്ത്രത്തകരാറുണ്ടായി.
എരുമപ്പെട്ടി മേഖലയിൽ കോട്ടപ്പുറം 140ാം ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്ന് 200 ഓളം പേരും, മങ്ങാട് 138ാം ബൂത്തിൽ വോട്ടെടുപ്പ് ഇഴഞ്ഞ് നീങ്ങിയതിനെ തുടർന്ന് 120 ഓളം പേരും വോട്ട് ചെയ്യാൻ ബാക്കിയായി. കടങ്ങോട് പഞ്ചായത്ത് ഓഫീസിലെ 117ാം നമ്പർ ബൂത്തും, ചിറമനേങ്ങാട് സ്‌കൂളിലെ 12ാം ബൂത്തിലും, എരുമപ്പെട്ടി എൽ.പി സ്‌കൂളിലെ 134, 135 ബൂത്തുകളിലും, കുണ്ടന്നൂർ സ്‌കൂളിലെ ബൂത്തിലും, ആറ്റത്ര സ്‌കൂളിലെ 141ാം ബൂത്തിലും, വേലൂർ ആർ.എം.എൽ.പി സ്‌കൂളിലെ 162ാം ബൂത്തിലും യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് മണിക്കൂറുകളോളം തടസപ്പെട്ടു.
ചാലക്കുടി നഗരസഭയിലെ വി.ആർ. പുരം സ്‌കൂൾ 39ാം നമ്പർ ബൂത്ത്, എലിഞ്ഞിപ്രയിലെ 39ാം നമ്പർ അംഗൻവാടി ബൂത്ത്, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ 69ാം നമ്പർ ബൂത്ത്, പൂലാനിയിലെ വി.ബി.യു.പി സ്‌കൂൾ ബൂത്ത്, പുഷ്പഗിരിയിലെ 138ാം നമ്പർ ബൂത്ത് , പുഷ്പഗിരി, മാരാങ്കോട്, പോട്ട സി.യു.പി സ്‌കൂൾ, മേലൂർ ജെ.വൈ.ആർ.എൽ സ്‌കൂൾ എന്നിവിടങ്ങളിലും യന്ത്രങ്ങൾ പണിമുടക്കി. എന്നാൽ അരമണിക്കൂറിനകം എല്ലായിടത്തും തകരാർ പരിഹരിച്ചു. മേച്ചിറയിലെ എം.എ.പി.സ്‌കൂളിൽ വൈകീട്ട് അഞ്ചിന് വി.വി.പാറ്റ് മെഷീൻ തകരാറിയതിനെ തുടർന്ന് 45 മിനിറ്റ് വോട്ടിംഗ് തടസപ്പെട്ടു.
നാട്ടിക ശ്രീനാരായണ കോളേജിലെ 118 ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി ഒന്നര മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. ബട്ടൺ പ്രസ് ചെയ്തതിനെ തുടർന്ന് തകരാറിലാവുകയായിരുന്നു. ചേർപ്പ് പൂത്തറയ്ക്കൽ സെന്റ് റോക്കീസ് സ്‌കൂളിലെ 153, 154 ബൂത്തുകളിലെ വോട്ടിംഗ് മെഷീനും തകരാറിലായി. കടപ്പുറം പഞ്ചായത്തിൽ മൂന്നിടങ്ങളിലും, ചാവക്കാട് നഗരസഭയിൽ രണ്ടിടങ്ങളിലും വോട്ടിംഗ് മെഷീൻ പണി മുടക്കി. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിലെ 152 ാം നമ്പർ ബൂത്തിലും തൊട്ടടുത്ത 151 ാം നമ്പർ ബൂത്തിലും മെഷീൻ തകരാറ് വോട്ടർമാരെ കുഴക്കി. കടപ്പുറം പുതിയങ്ങാടി ജി.എഫ്.യു.പി സ്‌കൂളിലെ 161 ാം നമ്പർ ബൂത്തിൽ വോട്ടിംഗിനിടെ മെഷീൻ തകരാറിലായി. രാവിലെ 9.15ന് 116 ാമത്തെയാൾ വോട്ട് ചെയ്യാനെത്തിയപ്പോൾ ബീപ് ശബ്ദം നിറുത്താതെ മുഴങ്ങി.
പുതിയ മെഷീൻ എത്തിച്ച് 10.20 ഓടെ വോട്ടിംഗ് പുനരാരംഭിച്ചു. തകരാറിലായ മെഷീൻ സീൽ ചെയ്ത് സൂക്ഷിച്ചു. ചാവക്കാട് നഗരസഭയിലെ സിദ്ധിഖ് പള്ളിക്കടുത്തെ മണത്തല ബി.ബി.എ.എൽ.പി സ്‌കൂളിലെ 142 ാം നമ്പർ ബൂത്തിൽ വോട്ടിംഗിനിടെ മെഷീൻ തകരാറിലായി. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. ഒരു മണിക്കൂർ കഴിഞ്ഞ് മെഷീനിന്റെ തകരാറ് പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. ചാവക്കാട് നഗരസഭയിലെ തന്നെ പാലയൂർ 117 ാം നമ്പർ ബൂത്തിൽ രാവിലെ തന്നെ മെഷീൻ തകരാറിലായി. പിന്നീട് 7.15 ഓടെ തകരാറ് പരിഹരിച്ച ശേഷം ഇവിടെ വോട്ടിംഗ് ആരംഭിച്ചു.