മാള: മാള മേഖലയിൽ രാവിലെ മുതൽ മികച്ച പോളിംഗ്. പല ബൂത്തുകളിലും പോളിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ വലിയ നിരയായിരുന്നു. തുടക്കത്തിൽ പുരുഷന്മാരുടെ തിരക്കായിരുന്നു. രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് പല സ്ഥലത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. രാവിലെ ഉണ്ടായ മോശം കാലാവസ്ഥ കാരണം സ്ത്രീ വോട്ടർമാർ പല ബൂത്തുകളിലും ആദ്യ മണിക്കൂറിൽ കുറവായിരുന്നു.
ചില ബൂത്തുകളിൽ അഞ്ച് മിനിറ്റ് വൈകിയാണ് പോളിംഗ് തുടങ്ങാനായത്. മാള മേഖലയിൽ 94 ബൂത്തുകളാണുള്ളത്. മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ 10 ബൂത്തുകൾ പ്രശ്ന സാദ്ധ്യതാ ബൂത്തുകളായി കണ്ടെത്തിയിരുന്നു. കുഴൂർ പഞ്ചായത്തിലെ ആറും പുത്തൻചിറയിലെ നാലും ബൂത്തുകളാണ് മുൻകാല പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇത്തരത്തിൽ വേർതിരിച്ചിരിക്കുന്നത്. മാരേക്കാട് ആസാദ് മെമ്മോറിയൽ എൽ.പി.സ്‌കൂളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വൈദ്യുതി തൂൺ ഒടിഞ്ഞുവീണതാണ് വൈദ്യുതി മുടങ്ങാൻ ഇടയാക്കിയത്. സിനിമാ നടൻ ജോജു ജോർജ്ജിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിനാൽ വോട്ട് ചെയ്യാനായില്ല. താമസം മാറിയതിനാൽ പഴയ സ്ഥലത്ത് പേര് നീക്കം ചെയ്യുകയും പുതിയത് ചേർക്കാതിരുന്നതുമാണ് തടസമായത്. കുഴൂർ സർക്കാർ ഹൈസ്‌കൂളിലെ ബൂത്തിൽ പതിവുപോലെ വോട്ടു ചെയ്യാനെത്തിയ ജോജു ജോർജ്ജ് പട്ടികയിൽ പേരില്ലെന്നതിനാൽ നിരാശയോടെ തിരിച്ചു വരികയായിരുന്നു.