എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിലെ ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതും വോട്ടിംഗ് ഇഴഞ്ഞ് നീങ്ങിയതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. വോട്ടെടുപ്പ് തീരുന്ന സമയമായ 6 മണിക്ക് ശേഷവും പല ബൂത്തുകളിലും വൻ തിരക്കായിരുന്നു. ചിറ്റണ്ട പോളിംഗ് സ്റ്റേഷനിൽ മൂന്ന് ബൂത്തുകളിലായി 500 ലധികം പേരും, കോട്ടപ്പുറം 140-ാം ബൂത്തിൽ 200 ഓളം പേരും വോട്ട് രേഖപ്പെടുത്തുന്നതിനായി സമയം കഴിഞ്ഞിട്ടും കാത്തു നിന്നു.
പ്രീ സൈഡിംഗ് ഓഫീസർ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി കൊണ്ട് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നൽകി.
ഗ്രാമപ്രദേശമായ എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിലെ പോളിംഗ് ബൂത്തുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വോട്ടെടുപ്പ് സമാപിക്കാനുള്ള സമയം അടുത്തപ്പോഴും കൂട്ടത്തോടെയാണ് വോട്ടർമാർ പല ബൂത്തുകളിലേക്കും എത്തിയിരുന്നത്. ഭൂരിഭാഗം ബൂത്തുകളിലും 85 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.