ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബാലജന യോഗം പ്രവർത്തകർ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസനവും ബോധവത്കരണ ക്ലാസും ഏപ്രിൽ 25, 26 തീയതികളിലും ശ്രീനാരായണ കലോത്സവം 27, 28 തീയതികളിലും ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 25ന് രാവിലെ 9.30ന് സ്വാഗതസംഘം ചെയർമാൻ കാഞ്ഞിരപ്പറമ്പിൽ രവീന്ദ്രൻ ഭദ്രദീപം തെളിക്കും. ഗുരുവായൂർ ദേവസ്വം കമ്മിറ്റി മെമ്പർ ഉഴുമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടന കർമ്മം നിർവഹിക്കും.

എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷനാകും. തുടർന്ന് മാതാ പിതാ ഗുരു ദൈവം എന്ന വിഷയത്തെ ആസ്പദമാക്കി യോഗം മുൻ കൗൺസിലർ മുരളി മാസ്റ്റർ കൊപ്പം കോഴിക്കോട് ക്ലാസ് നയിക്കും. ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ. സജീവൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽകുമാർ (മണപ്പുറം) എന്നിവർ സംസാരിക്കും.

26ന് രാവിലെ പത്തിന് യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ഭദ്രദീപം തെളിയിക്കും. യോഗം കൗൺസിലർ ബേബിറാം ഉദ്ഘാടനം ചെയ്യും. തുടർന്ന് വ്യക്തിത്വ വികസന ക്ലാസ് അനൂപ് വൈക്കം നടത്തും. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.വി. ഷണ്മുഖൻ, ചാണാശ്ശേരി സുഗതൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ. രാജൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ എന്നിവർ സംസാരിക്കും.

27ന് ശ്രീനാരായണ കലോത്സവത്തിന്റെ ഭദ്ര ദീപം തെളിക്കൽ സ്വാഗത സംഘം വൈസ് ചെയർമാൻ കെ.ടി. വിജയൻ നിർവഹിക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. 28ന് രാവിലെ പത്തിന് വനിതാ സംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ ഭദ്രദീപം തെളിക്കും. വിനായകാഷ്ടകം എന്ന ഗുരുദേവ കൃതിയെ ആസ്പദമാക്കി നൃത്താവിഷ്‌കാരങ്ങൾ, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീരിയൽ എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. തുടർന്ന് അഞ്ചിന് നടത്തുന്ന പൊതുസമ്മേളനം സ്വാഗതസംഘം ചെയർമാൻ കാഞ്ഞിരപ്പറമ്പിൽ രവീന്ദ്രൻ സമ്മാനദാനം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷനാകും. സുന്ദർ ശ്രീപതി, ചന്ദ്രൻ വെട്ടുകാട്, ബോർഡ് അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.