കൊടകര: പോളിംഗ് പൊതുവെ സമാധാന പരമായിരുന്നെങ്കിലും മെഷീനുകളുടെ തകരാറ് ചിലയിടങ്ങളിലെ വോട്ടിംഗ് തടസപ്പെടാനിടയാക്കി. ചിലബൂത്തുകളിൽ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിര ഉണ്ടായിരുന്നു. മറ്റത്തൂർ പഞ്ചായത്തിലെ കോടാലി സ്‌കൂളിൽ സ്ഥാപിച്ച 173-ാം ബൂത്തിൽ വൈകീട്ട് ആറുകഴിഞ്ഞിട്ടും 100ൽ പരം വോട്ടർമാർ ബാക്കിയായി. ഇവർക്ക് ടോക്കൺ നൽകി വോട്ടെടുപ്പിനുള്ള സൗകര്യമൊരുക്കി. വിവി പാറ്റ് സംവിധാനം 7 സെക്കന്റ് എന്നത് അധിക സമയമെടുത്തതും വോട്ടുചെയ്യാനെത്തിയ വയോധികരുടെ എണ്ണം താരതമ്യേന വർധിച്ചതുമാണ് വോട്ടിംഗ് മന്ദഗതിയിലാക്കിയത്.
1288 വോട്ടർമാരുള്ള ഈ ബൂത്തിൽ 1032 പേർ വോട്ട് രേഖപ്പെടുത്തി. മറ്റ് ബൂത്തുകളെ അപേക്ഷിച്ച് 300 ഓളം പേരെങ്കിലും അധികമായുണ്ട്. എന്നാൽ റൂമിന്റെ അസൗകര്യവും വെളിച്ചക്കുറവും വോട്ടിംഗിനെ ബാധിച്ചു. പല വോട്ടർമാർക്കും രണ്ട് മണിക്കൂറിൽ അധികം വരിനിന്നശേഷമാണ് വോട്ട് ചെയ്യാനായത്. 6.40 ഓടെ വോട്ടിംഗ് അവസാനിച്ചു.
മറ്റത്തൂർ പഞ്ചായത്തിലെ ശാസ്താം പൂവം കാടർകോളനിയിലേയും കാരിക്കടവ് ആദിവാസികോളനിയിലെയും വോട്ടർമാർക്ക് നായാട്ടുണ്ട് ചൊക്കനയിലുള്ള എസ്‌റ്റേറ്റ് ക്യാന്റീനിൽ തയ്യാറാക്കിയ 186-ാം ബൂത്തിലാണ് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഇവിടുത്തെ വോട്ടിംഗ് മെഷീനിന്റെ തകരാറാണ് വോട്ടിംഗ് വൈകിച്ചത്. ഒരുമണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. ഇതെ തുടർന്ന് വോട്ടിംഗ് സമയം ഒരുമണിക്കൂർ നീട്ടിനൽകി. 715 വോട്ടർമാരിൽ 540 പേർ അവിടെ വോട്ട് ചെയ്തു. കൊടകര പഞ്ചായത്തിലെ മനക്കുളങ്ങര സ്‌കൂളിലും വൈകീട്ട് 6ന് 150 ഓളം പേർ ഉണ്ടായിരുന്നു. അവിടെ 7.30 ഓടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. ആലത്തൂർ സ്‌കൂളിൽ ആറുമണിക്ക് ശേഷം 100 പേർ ഉണ്ടായിരുന്നു. ഇവിടെ 7ന് മുൻപെ വോട്ടിംഗ് അവസാനിച്ചു. വിവിപാറ്റ് മെഷീനിലെ ടൈമിംഗാണ് ഇവിടെയും വൈകാൻ ഇടയാക്കിയത്.