കൊടുങ്ങല്ലൂർ: പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് മേഖലയിൽ സമാധാനപരമായി നടന്നു. രാവിലെ ഏതാനും ബൂത്തുകളിൽ യന്ത്രത്തകരാറ് മൂലം ഏതാനും സമയം പോളിംഗ് തടസപ്പെട്ടു.

വോട്ടിംഗ് മെഷീൻ പണിമുടക്കിയപ്പോൾ, പകരം സംവിധാനമൊരുക്കി പ്രശ്നം പരിഹരിച്ചു. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പുല്ലൂറ്റ് ഐ.ടി.ഐ, ലോകമലേശ്വരം ലിറ്റിൽ ഫ്ളവർ സ്കൂൾ എന്നിവയിലും കയ്പമംഗലം മണ്ഡലത്തിലെ കാര ഫിഷറീസ്, ഓണച്ചമ്മാവ്, അയ്യപ്പൻകാവ് എഫ്.ആർ.യു.പി. സ്കൂൾ, പൊക്ളായിക്ക് വടക്ക് ഭാഗത്തെ മണ്ടത്ര സ്കൂൾ എന്നിവിടങ്ങളിലുമാണ് യന്ത്ര തകരാറുകൾ മൂലമുണ്ടായ തടസം അനുഭവപ്പെട്ടത്.

അതിനിടെ കോട്ടപ്പുറത്ത് ഭാരതീയ ജനതാ ന്യൂനപക്ഷ മോർച്ച നേതാവ് ആന്റണിക്ക് നേരെ കൈയേറ്റം നടന്നതായി ആക്ഷേപമുയർന്നു. പോളിംഗിന്റെ ആദ്യ മണിക്കൂറുകൾ മുതൽ മിക്കവാറുമെല്ലാ ബൂത്തുകളിലും നീണ്ട നിര രൂപപ്പെട്ടു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥി അഡ്വ.സുജ ആന്റണി ബാലാനു ബോധിനി സ്കൂളിലും അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ പുല്ലൂറ്റ് വി.കെ. രാജൻ സ്കൂളിലും ഇ.ടി. ടൈസൻമാസ്റ്റർ എം.എൽ.എ കാര സെന്റ് ആൽബന സ്കൂളിലും മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ ബോയ്സ് ഹൈസ്കൂളിലും സംവിധായകൻ കമൽ ലോകമലേശ്വരം ലിറ്റിൽഫ്ലവർ സ്കൂളിലും വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫ് -എൻ.ഡി.എ സ്ഥാനാർത്ഥികളായ ഇന്നസെന്റും എ.എൻ. രാധാകൃഷ്ണനും വിവിധ പോളിംഗ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തി. എടവിലങ്ങ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലേതടക്കമുള്ള നിരവധി ബൂത്തുകളിൽ പോളിംഗ് അവസാനിക്കുമ്പോൾ രാത്രി ഏറെ വൈകി..