തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 78.07 ശതമാനം വോട്ടർമാർ വോട്ട് ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെയും നിയമഭാ തിര‌ഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെയും വർദ്ധന പോളിംഗിൽ രേഖപ്പെടുത്തി. അന്തിമഫലം വരുമ്പോൾ വീണ്ടും കണക്കുകളിൽ മാറ്റം വന്നേക്കാം. ജില്ലയിൽ ഉൾപ്പെട്ട മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ചാലക്കുടിയിലാണ് കൂടുതൽ പോളിംഗ്- 80.01ആലത്തൂരിൽ 79.93 ശതമാനവും തൃശൂരിൽ 77. 61 ശതമാനവും പേർ വോട്ട് ചെയ്തു. നിയമസഭാ മണ്ഡലങ്ങളിൽ പുതുക്കാട് മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് 81.60. രാത്രി 10.10നാണ് ജില്ലയിൽ പോളിംഗ് അവസാനിച്ചത്..

മുന്നണികൾ വിജയപ്രതീക്ഷയിൽ..
പോളിംഗ് ശതമാനം വർദ്ധിച്ചത് അനുകൂല ഘടകമാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുമ്പോഴും ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെയും ഫലം പ്രവചനാതീതം. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീ വോട്ടർമാരും കന്നി വോട്ടർമാരും മണിക്കൂറുകൾ കാത്തു നിന്ന് രേഖപ്പെടുത്തിയ വോട്ടായിരിക്കും ഇക്കുറി നിർണായകം. വിശ്വാസവും ആചാരവും ഭരണനേട്ടങ്ങളും കോട്ടങ്ങളും ഏതുരീതിയിൽ വോട്ടർമാരെ സ്വാധീനിച്ചു എന്നറിയണമെങ്കിൽ ഒരു മാസം കാത്തിരിക്കണം. എൻ.ഡി.എയുടെ രാഷ്ട്രീയ സാന്നിദ്ധ്യത്തിലുപരി സുരേഷ് ഗോപിയെന്ന താരത്തിന്റെ സാന്നിദ്ധ്യം കൊണ്ടും ശക്തമായ ത്രികോണ മത്സരങ്ങൾക്ക് വേദിയായ മണ്ഡലമാണ് തൃശൂർ.
പുതിയ വോട്ടു ചേർക്കൽ ഫലപ്രദമായി നടത്തിയതും ചേർത്ത വോട്ടർമാരെ ബൂത്തിലെത്തിച്ചതും അതിലുപരി ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചാരണത്തിന് വിവിധ മാർഗങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതും തങ്ങളാണെന്നതിനാലാണ് എൽ.ഡി.എഫ് ആശ്വാസം കൊള്ളുന്നത്. തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന സാമുദായിക വോട്ടുകളിൽ വിളളലുണ്ടായിട്ടില്ലെന്നും ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ കൂടുതലായി കിട്ടിയിട്ടുണ്ടെന്നുമുളള ആത്മവിശ്വാസവുമുണ്ട് എൽ.ഡി.എഫിന്.
ബി.ഡി.ജെ.എസിന്റെ ശക്തമായ പിന്തുണയോടെയുള്ള എൻ.ഡി.എയുടെ മത്സരം എൽ.ഡി.എഫിന് വോട്ടുകുറയ്ക്കുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. എൽ.ഡി.എഫ്. വോട്ടുകൾ എൻ.ഡി.എയ്ക്ക് പോയെന്നാണ് യു.ഡി.എഫ് കാഴ്ച്ചപ്പാട്. ശബരിമല വിഷയവും പ്രളയപുനരധിവാസവും കൈകാര്യം ചെയ്യുന്നതിൽ എൽ.ഡി.എഫ്. സർക്കാരിനുണ്ടായ വീഴ്ച തങ്ങൾക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ്. കരുതുന്നു. കേന്ദ്രനേതാക്കളുടെ സാന്നിദ്ധ്യവും സുരേഷ് ഗോപിയുടെ താരപ്രഭയും മോദി തരംഗവും വോട്ടായി മാറുമെന്ന് എൻ.ഡി.എ. കരുതുന്നു. പ്രചാരണ വേളകളിൽ കണ്ട സ്ത്രീ വോട്ടർമാരുടെയും യുവ വോട്ടർമാരുടെയും സാന്നിദ്ധ്യം വോട്ടായി മാറുമെന്ന ശുഭപ്രതീക്ഷയും എൻ.ഡി.എ നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 72.12 ശതമാനമാണ് തൃശൂർ ലോകസഭാ മണ്ഡലത്തിലെ പോളിംഗ്. നിയമസഭാ തിരഞ്ഞെടുപ്പിൽ 77. 69 ശതമാനവും. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 1250635 പേർ വോട്ടു രേഖപ്പെടുത്തിയപ്പോൾ ഇടതുമുന്നണിയിലെ സി.എൻ. ജയദേവന് ലഭിച്ചത് 389209 (42.28 %) വോട്ടാണ്. കെ.പി. ധനപാലന് 350982 (38.13%)ഉം കെ.പി. ശ്രീശന് 120681 (11.15%)ഉം സാറാ ജോസഫിന് 44638 (4.48%)ഉം വോട്ടുകൾ ലഭിച്ചു. ഇക്കുറി 1336399 വോട്ടർമാരുണ്ട്. 85764 കന്നി വോട്ടർമാരുടെ വോട്ടും നിർണായകമാണ്.