തൃശൂർ : രണ്ട് പേരെ പിക്കപ്പ് വാനിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്ന മുണ്ടൂർ, വരടിയം മേഖലയിൽ വർഷങ്ങളായി തഴച്ച് വളർന്ന കഞ്ചാവ് മാഫിയയ്ക്ക് പൊലീസും കേസുകളും പുല്ലുവില. കഞ്ചാവ് ഒരു കിലോഗ്രാമിന് താഴെയാണ് പിടിച്ചെടുക്കുന്നതെങ്കിൽ സ്റ്റേഷൻ ജാമ്യം അനുവദിക്കുന്നതിനാൽ എളുപ്പത്തിൽ ഇവർ കേസുകളിൽ നിന്ന് ഊരിപ്പോരും.
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഒറ്റികൊടുക്കലും സംഘട്ടനങ്ങളും പതിവാകുമ്പോഴും കർശന നടപടി ഉണ്ടാകാതിരുന്നതോടെ ഇവരുടെ പ്രവർത്തന മേഖല വ്യാപിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളടക്കം നിരവധി പേർ ഇവരുടെ കണ്ണികളാണെന്ന് പൊലീസിന് വ്യക്തമായി അറിയാം. എന്നിട്ടും പൊലീസ് കണ്ണടയ്ക്കുകയാണെന്നാണ് പരാതി.
ഇന്നലെ നടന്ന സംഭവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഡയമണ്ടിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ, പെട്രോൾ ബോംബ് ഉൾപ്പെടെ നിരവധി മാരക സ്‌ഫോടകവസ്തുക്കളാണ് പിടികൂടിയത്. വീടിന്റെ പുറത്ത് കൂട്ടിൽ മുന്തിയ ഇനം നായകളും പോത്തുകളുമാണ് കണ്ടത്. വീട് കുത്തിത്തുറന്ന് അകത്ത് കിടന്നപ്പോഴും നായകൾ ഉണ്ടായിരുന്നു. മറ്റ് ആരും ഇവിടേയ്ക്ക് പ്രവേശിക്കാതിരിക്കാനും പൊലീസിൽ നിന്ന് രക്ഷതേടാനുമാണ് നായ്ക്കളെ വളർത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
സിറ്റൗട്ടിൽ കുപ്പിച്ചില്ലുകൾ ചിതറി കിടക്കുന്നതും കണ്ടെത്തി. ഇത് ബോംബുണ്ടാക്കുന്നതിനായാണെന്ന സംശയവും നിലനിൽക്കുന്നു. ഡയമണ്ടിന്റെ വീട്ടിലിരുന്നാണ് കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. ഡയമണ്ട് വാടകയ്ക്കാണ് ഇവിടെ താമസിക്കുന്നത്. ഈ മേഖല കഞ്ചാവ് ലഹരി സംഘങ്ങളുടെ കേന്ദ്രമാണ്. തർക്കങ്ങളും ഈ സംഘങ്ങളുടെ വരവ് പോക്കും പതിവ് സംഘർഷത്തിനും കാരണമായിരുന്നു. ആസൂത്രിതമായിരുന്നു കൊലപാതകമെന്ന് പറയുന്നു. പ്രതികളെ ആക്രമിക്കാൻ ശ്യാമും ക്രിസ്റ്റോയും പദ്ധതിയിട്ടിരുന്നുവെന്നും വ്യക്തമാണ്. സ്ത്രീയുടെ നേതൃത്വത്തിൽ വലിയൊരു ഗുണ്ടാസംഘം പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലതവണ വിവിധ കേസുകളിൽ ഇവരെ എക്‌സൈസും പൊലീസും പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും അക്രമ സംഭവങ്ങളിൽ ഏർപ്പെടുകയാണെന്നും പറയുന്നു.