കൊടുങ്ങല്ലൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രകടമായ റെക്കാഡ് പോളിംഗ് ആർക്ക് അനുകൂലമാകുമെന്നത് സംബന്ധിച്ച് മൂന്ന് മുന്നണികളിലും ആശങ്ക. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് ഉണ്ടായത് കയ്പമംഗലം നിയോജക മണ്ഡലത്തിലാണ്. ഇടത് കോട്ടയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന കയ്പമംഗലം മണ്ഡലത്തിലെ പോളിംഗ് ശതമാനം 80.2 ആണ്.
1,61,133 വോട്ടർമാരുള്ള ഇവിടെ 1,29,238 പേരും വോട്ട് രേഖപ്പെടുത്തി. 74,610 പുരുഷന്മാരിൽ 58,312 പേരും 86,517 സ്തീ വോട്ടർമാരിൽ 70, 921 പേരും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിലെ ആറ് ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ അഞ്ച് പേരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. പുതിയ അസംബ്‌ളി മണ്ഡലങ്ങളിലൊന്നാണിത്. പോളിംഗിലെ ഈ വർദ്ധനവ് ആർക്ക് ഗുണം ചെയ്യുമെന്നത് ഇനിയും വ്യക്തമല്ല.
കയ്പമംഗലത്തെ ഭൂരിപക്ഷം ചാലക്കുടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. രണ്ടാമൂഴം തേടുന്ന ഇന്നസെന്റിന്റെ വിജയം ഉറപ്പാണെന്ന് ഇടത് നേതാക്കളുടെ വാദം. സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ച് പ്രതിബന്ധങ്ങളെയെല്ലാം മറി കടന്നുവെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ.
കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ സാരഥികളിൽ ഒരാളും ഇടത് സഹയാത്രികനുമായ അഡ്വ. അനൂപ് കുമാരനെ പോലുള്ളവർ പോലും വോട്ടെടുപ്പിന്റെ തലേന്ന് ഇന്നസെന്റിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചതുൾപ്പടെയുള്ള സംഭവങ്ങളെ ഇടത് കേന്ദ്രങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ രോഗബാധിതനായി പ്രചാരണരംഗത്ത് നിന്ന് ഏതാനും ദിവസങ്ങൾ വിട്ടു നിന്നെങ്കിലും ഉമ്മൻചാണ്ടിയെ പോലുള്ളവർ രംഗത്തെത്തി പഴുതടച്ച പ്രചാരണത്തിന് നേതൃത്വം നൽകി. പ്രളയം, ഓഖീ സംഭവങ്ങളിലെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് സിറ്റിംഗ് എം.പിക്കെതിരെ ജനവികാരമുണർത്തുന്നതിൽ വിജയമുണ്ടായെന്നതുൾപ്പടെയുള്ള ഘടകങ്ങൾ ചൂണ്ടിക്കാട്ടി ഇക്കുറി ചാലക്കുടി തങ്ങൾക്കൊപ്പമാണെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് യു.ഡി.എഫ്. ഇതേ സമയം അമിത പ്രതീക്ഷയില്ലെങ്കിലും കയ്പമംഗലം ഉൾപ്പടെയുള്ള മണ്ഡലങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും തങ്ങളുടെ വോട്ടിംഗ് ഷെയർ എക്കാലത്തേക്കാളും ഉയർന്നതായിരിക്കുമെന്ന് വിശ്വാസത്തിലാണ് എൻ.ഡി.എ നേതൃത്വം.